കണ്ണൂരിൽ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നം​ഗ സംഘം പിടിയിൽ

By Web TeamFirst Published Oct 4, 2019, 1:56 PM IST
Highlights

കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട്കെട്ടുകൾ. ഇവരിൽ നിന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ​ഗുളികകളും പിടിച്ചെടുത്തു. 

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിൽ. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് വാഹന പരിശോധനക്കിടെ പാനൂർ പൊലീസ് പിടികൂടിയത്.

പുലർച്ചെ രണ്ട് മണിയോടെ പാനൂർ നവോദയ കുന്നിന് സമീപം നിർത്തിയിട്ടിരുന്ന ഡസ്റ്റർ വാഹനത്തിൽ നിന്നാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ് , സച്ചിൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട്കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ട്കെട്ടുകളുമാണ് പിടിച്ചെടുത്തത്. 

കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട്കെട്ടുകൾ. ഇവരിൽ നിന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ​ഗുളികകളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണ്. പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

click me!