
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടെ സ്മരണക്കായി പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന അഞ്ചു കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപനവുമായി ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂള്‍. പെട്ടിമുടി ദുരന്തത്തിന്റെ മൂന്നാം വാര്‍ഷിക ദിനാചരണത്തിലാണ് കുട്ടികളുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് തുക സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. പെട്ടിമുടി ദുരന്തത്തില്‍ ചിന്നക്കനാല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സിന്ധുജ, ശിവരഞ്ജിനി, കൗശിക, ജോഷ്വ, സഞ്ജയ് എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കൊവിഡിന്റെ സാഹചര്യത്തില്‍ സ്‌കൂള്‍ അടച്ചതാണ് ഇവര്‍ ദുരന്തത്തില്‍ അകപ്പെടാന്‍ ഇടയാക്കിയത്. യോഗത്തില്‍ പ്രഥാന അധ്യാപകന്‍ അരുള്‍ ഫെഡറിക്, അധ്യാപകരായ സോജന്‍, പി റോബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.
മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകൾ
2020 ഓഗസ്റ്റ് ആറിന് രാത്രി 10.30തോടെയാണ് പെട്ടിമുടിയില്‍ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. മല മുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമര്‍ന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരം അറിയിച്ചു. കമ്പനി അധികൃതര്‍ അഗ്നിരക്ഷ സേനയേയും പൊലീസിനെയും ബന്ധപ്പെട്ടു. പെരിയവര പാലം കനത്ത മഴയില്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. വൈകാതെ രക്ഷാപ്രവര്‍ത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു.
ദുരന്തനിവാരണ സേനയും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്തു. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചില്‍. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗര്‍ഭിണികള്‍, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ച് അവരുടെ മരണ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നല്‍കി.
ദുരന്തത്തില്‍ പരിക്കേറ്റവരുടെയും രക്ഷപ്പെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കി. മരിച്ച 18 തൊഴിലാളികളുടെ കുടുംബത്തിന് കണ്ണന്‍ദേവന്‍ കമ്പനി 5 ലക്ഷവും എട്ട് കുടുംബംങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ വീടും വച്ചു നല്‍കി.
സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam