ഓടിക്കൊണ്ടിരുന്ന ബൈക്കിലും സ്കൂട്ടറിലും അഭ്യാസ പ്രകടനം: മൂന്ന് യുവാക്കൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി

Published : Dec 28, 2023, 05:30 PM ISTUpdated : Dec 28, 2023, 06:11 PM IST
ഓടിക്കൊണ്ടിരുന്ന ബൈക്കിലും സ്കൂട്ടറിലും അഭ്യാസ പ്രകടനം: മൂന്ന് യുവാക്കൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി

Synopsis

കഴിഞ്ഞ ദിവസം സിനിമ കണ്ട് രാത്രി വൈകി മടങ്ങും വഴിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് റി‌സ്‌വാൻ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ മുഹമ്മദ് റിസ്‌വാൻ, എസ് റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു. റോഡിലെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ദൃശ്യങ്ങളിൽ യുവാക്കളുടെ മുഖം വ്യക്തമാകുന്നില്ലെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. ഇതാണ് കുറ്റക്കാരെ വേഗം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന് സഹായകരമായത്. കഴിഞ്ഞ ദിവസം സിനിമ കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങും വഴിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് റി‌സ്‌വാൻ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

രണ്ട് പേർ സ്കൂട്ടറുകളിലും മറ്റൊരാൾ ബൈക്കിലുമായിരുന്നു സഞ്ചാരം.  ഒരാൾ സ്കൂട്ടറിന് മുകളിൽ നിന്ന് ഓടിക്കുമ്പോൾ   മറ്റൊരാൾ കാലുകൾ ഒരുവശത്തിട്ട് അപകടകരമായ രീതിയിലുളള പ്രകടനമാണ് നടത്തിയത്. മറ്റൊരു സ്കൂട്ടർ ഓടിക്കുന്നതിനിടെ മൂന്നാമൻ മറു കൈ കൊണ്ട് വീഡിയോ ഫോണിൽ പകർത്തുകയായിരുന്നു. 

പിന്നാലെ വീഡിയോ വൈറലായി പ്രചരിച്ചു. ഇത് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടു. റിസ്‌വാൻ അടക്കമുള്ളവരെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലേക്ക് ഹിയറിങിനായി വിളിപ്പിച്ചിരുന്നു. മൂന്ന് യുവാക്കളുടെയും മാതാപിതാക്കളെയും ഹിയറിങിന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ലൈസൻസ് സസ്പെന്റ് ചെയ്തത്. യുവാക്കൾ ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ പരീക്ഷ കൂടി എഴുതണം.
 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും