
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പല്‍ പ്രദേശത്ത് വൈദ്യുതി സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള വൈദ്യുതി വിഭാഗത്തിന്‍റെ തീരുമാനത്തിനെതിരെ എല്‍ഡിഎഫില്‍ കലാപം. സിപിഎം നിലപാടിനെതിരെ സിപിഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയറും സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരും രംഗത്ത് വന്നു. കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്‍റെ ഏകാധിപത്യ നിലപാടിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. കൗണ്‍സില്‍ അറിയാതെ അസി.സെക്രട്ടറി നല്‍കിയ അപേക്ഷ പരിഗണിക്കരുതെന്നും സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ന്മാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
ഡെപ്യൂട്ടി മേയര്‍ ബീന മുരളി, വൈദ്യുതിവിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന മരാമത്ത് വിഭാഗം സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.എം നേതാവ് അഡ്വ.എം.പി ശ്രീനിവാസന്‍, വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ കൗണ്‍സിലര്‍ ഷീബ ബാബു, ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജനതദളിലെ എം.എല്‍ റോസി, ടാക്‌സ് ആന്‍റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇടതുമുന്നണി ഘടകക്ഷിയായ സി.എം.പിയിലെ പി. സുകുമാരന്‍, കോണ്‍ഗ്രസിലെ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് ചാലിശ്ശേരി, വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജെയിംസ്, ആസൂത്രണ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീന ചന്ദ്രന്‍ എന്നിവരാണ് നിലപാട് വ്യക്തമാക്കിയത്.
വൈദ്യുതി ബോര്‍ഡിലെ സേവന വേതന വ്യവസ്ഥകള്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ അടിസ്ഥാന മാനദണ്ഡമായി കൗണ്‍സില്‍ പണ്ട് മുതലേ അംഗീകരിച്ചിരിക്കേ അതിന് വിരുദ്ധമായി ബോര്‍ഡിനേക്കാള്‍ അധികനിരക്ക് പഴയ മുനിസിപ്പല്‍ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വ്യക്തമാക്കി. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായോ, ഇതിനായി അസി.സെക്രട്ടറി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയതായോ തങ്ങള്‍ക്ക് ഒരറിവുമില്ലെന്ന് എല്ലാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരും വിശദീകരിച്ചു. സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാര്‍ അടങ്ങുന്ന സ്റ്റാന്‍റിങ്ങ് കമ്മിറ്റിയിലോ കൗണ്‍സിലിലോ ഇങ്ങനെയൊരു നിര്‍ദ്ദേശമോ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വിശദീകരിച്ചു.
ചട്ടമനുസരിച്ച് വൈദ്യുതി വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്നത് പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റിയാണ്. എന്നാല്‍ വൈദ്യുതിവിഭാഗത്തില്‍ നിന്നും ഇങ്ങനെയൊരു ഫയല്‍ കമ്മിറ്റിയില്‍ വരികയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി ശ്രീനിവാസന്‍ വ്യക്തമാക്കി. വൈദ്യുതി കണക്ഷനുകള്‍ക്ക് ഉള്‍പ്പെടെ 76 സേവനങ്ങളുടെ നിരക്ക് വൈദ്യുതി ബോര്‍ഡിനേക്കാള്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ച് നല്‍കുന്നതിനുള്ള അസി.സെക്രട്ടറിയുടെ അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സിറ്റിങ്ങില്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും പരാതികളും ജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി നല്‍കാമെന്ന് കമ്മീഷന്‍ അറിയിച്ചു. അതേസമയം ഇങ്ങനെയൊരു സിറ്റിങ്ങ് നടക്കുന്ന കാര്യം കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം ഇതുവരെ ഉപഭോക്താക്കളെ പത്രകുറിപ്പിലൂടെ അറിയിച്ചിട്ടില്ല.
വൈദ്യുതി ബോര്‍ഡിലേതിനേക്കാള്‍ അധിക നിരക്ക് ഈടാക്കാനുള്ള വൈദ്യുതിവിഭാഗം തീരുമാനത്തിനെതിരെ മുന്‍മേയര്‍മാരായ കെ രാധാകൃഷ്ണന്‍, ജോസ് കാട്ടൂക്കാരന്‍, ഐ.പി പോള്‍, രാജന്‍ പല്ലന്‍ എന്നിവരും ചേംബര്‍ ഓഫ് കോമേഴ്‌സ്, വ്യാപാരി വ്യവസായസമിതി, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ടെന്‍റ്സ് അസോസിയേഷനുള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. മുനിസിപ്പല്‍ പ്രദേശത്തെ ജനങ്ങളുടെ വൈദ്യുതി സേവനനിരക്ക് കൂട്ടാനുളള ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍തിരിയണമെന്നും ആവശ്യം റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച് നല്‍കരുതെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടല്‍ തൃശൂര്‍ ചാപ്റ്റന്‍ ചെയര്‍മാന്‍ കെ രാമകൃഷ്ണന്‍ ക്രെഡായ് തൃശൂര്‍ ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ കെ പത്മകുമാര്‍ എന്നിവരും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam