
തൃശൂര്‍: വീട്ടുകിണറ്റില്‍ വീണ യുവതിയെ കുന്നംകുളം ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷിച്ചു. കക്കാട് എഴുത്തുപുരയ്ക്കല്‍ വീട്ടില്‍ സൂര്യ (26)യെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം.
ഏകദേശം 55 അടിയില്‍ കൂടുതല്‍ താഴ്ചയും രണ്ടര മീറ്റര്‍ വ്യാസവും 12 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് യുവതി വീണത്. വിവരമറിഞ്ഞ് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തുമ്പോള്‍ യുവതി കിണറിനകത്ത് ഒരു റോപ്പില്‍ പിടിച്ച് വീണു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി.ശ്യാം റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ കിണറ്റിലിറങ്ങി. അപകടകരമായ അവസ്ഥയില്‍ സാരമായ പരുക്ക് പറ്റിയ യുവതിയെ നെറ്റില്‍ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്താല്‍ പെട്ടെന്ന് തന്നെ പുറത്തെത്തിക്കുകയായിരുന്നു.
പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം സേനയുടെ വാഹനത്തില്‍ കയറ്റി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി. ശ്യാമിന്റെ അവസരോചിതമായ പ്രവര്‍ത്തനം മൂലം യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന് സേനയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും
ചേര്‍ത്തല: പന്ത്രണ്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്കു 23 വര്‍ഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ. തുറവുര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വര്‍ക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പ്രലോഭിപ്പിച്ച് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റാെരു വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. കുത്തിയതോട് സബ്ബ് ഇന്‍സ്പക്ടറായിരുന്ന ജി രമേശനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വനിതാ സബ്ബ് ഇന്‍സ്പക്ടര്‍ ഷെറി എംഎസ്, സിപിഒ പ്രവീണ്‍, ഡബ്ല്യൂ സിപിഒ സബിത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന്‍ 22 സാക്ഷികളെ ഹാജരാക്കിയതില്‍ 20 പേരെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബീന കാര്‍ത്തികേയനും അഡ്വ. ഭാഗ്യലക്ഷ്മിയും ഹാജരായി.
രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam