
തൃശ്ശൂർ: സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തൃശ്സൂർ സ്വദേശിയിൽ നിന്നും 2.12 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി. തമിഴ്നാട് കാഞ്ചിപുരം ഹനുമന്തപുരം സ്വദേശിയായ വീരഭദ്രസ്വാമി നഗറിലെ ജി ശരവണകുമാർ (40) എന്നയാളെയാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പേജിൽ സ്റ്റോക്ക് മാർക്കറ്റിലൂടെ ലാഭം ഉണ്ടാക്കാമെന്ന പരസ്യങ്ങളിലൂടെയാണ് പ്രതി തൃശ്ശൂർ സ്വദേശിയെ കെണിയിലാക്കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ട്രേഡിങ്ങിലൂടെ മികച്ച ലാഭം നേടാം എന്ന വാഗ്ദാനവുമായി തൃശൂര്‍ സ്വദേശിയായ പരാതിക്കാരന് പ്രതിയായ ശരവണകുമാർ ഫേസ്ബുക്കിലൂടെ ഒരു ലിങ്ക് അയച്ചു നൽകുകയായിരുന്നു. പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ട്രേഡിങ്ങ് ടിപ്സ് സഹിതം മികച്ച ലാഭം നേടാം എന്നു വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്ന് പണം വിവിധ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. ട്രേഡിങ്ങിലെ ലാഭമോ, അയച്ച പണതോ ലഭിക്കാതെയായപ്പോഴാണ് പരാതിക്കാരന് താൻ പറ്റിക്കപ്പെടുകയാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു.
ഈ പരാതിയിൽ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീഷ് കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് തൃശ്ശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോയുടെ നിർദ്ദേശ പ്രകാരം തുടരന്വേഷണം തൃശ്ശൂർ സിറ്റി ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. പിന്നീടു നടന്ന വിശദമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 26 ഓളം പരാതികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അസിസ്റ്റന്‍റ് കമ്മീഷണർ സുഷീറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ് റഷീദ് അലി, സുധീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam