
തൃശൂര്‍: അമിത വേഗതയിലെത്തിയ ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവിന് ദാരുണാന്ത്യം. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍ അനില്‍കുമാര്‍ - മാലതി ദമ്പതികളുടെ മകള്‍ അപര്‍ണ (18) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11ന് ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്. എസ്.എഫ്.ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തും സമ്മേളന പ്രതിനിധിയുമായ അക്ഷയിന്റെ ബൈക്കില്‍ കുന്നംകുളത്ത് നിന്നും ചൊവ്വന്നൂര്‍ പാടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. തലച്ചോര്‍ തകര്‍ന്ന് അപര്‍ണ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. റോഡരികിലേക്ക് വീണ അക്ഷയിയുടെ കാലില്‍ നിസാര പരുക്കേറ്റു. സമ്മേളന സ്ഥലത്തിനടുത്താണ് അപകടം നടന്നത്. അപര്‍ണയുടെ മരണത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവച്ചതായി നേതാക്കള്‍ അറിയിച്ചു. പഴഞ്ഞി എം.ഡി കോളേജിലെ എസ്.എഫ്.ഐയിലും നാട്ടിലെ ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സജീവ പ്രവര്‍ത്തക കൂടിയായിരുന്നു അപര്‍ണ.
മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അപര്‍ണയുടെ പിതാവ് അനില്‍ കുമാര്‍ കുന്നംകുളം കോമള ബേക്കറി ജീവനക്കാരനാണ്. ഗല്‍ഫിലുള്ള സഹോദരന്‍ അഭിഷേക് നാട്ടിലെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. അപകട വിവരം അറിഞ്ഞ് എല്‍.ഡി.എഫ് ആലത്തൂര്‍ ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി കെ. രാധാകൃഷ്ണന്‍, എ.സി മൊയ്തീന്‍ എം.എല്‍.എ, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍, എസ്.എഫ്. ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, അഖിലേന്ത്യ ജോ. സെക്രട്ടറി ആദര്‍ശ് എം. സജി, സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു.
ടോറസ് ലോറി ഡ്രൈവറുടെ അനാസ്ഥയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
'അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് ഡിവൈഎസ്പി'; ജാഗ്രത വേണമെന്ന് പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam