കടുവാ ഭീതിയിൽ മൂന്നാർ, നൈമക്കാട്; ഇന്നും അഞ്ച് പശുക്കളെ കൊന്നു, തോട്ടം തൊഴിലാളികൾ ഭീതിയിൽ

By Web TeamFirst Published Oct 3, 2022, 9:03 AM IST
Highlights

ഇന്നലെ രാത്രി വനപാലകർ കൂട് വെച്ചെങ്കിലും കടുവ കുടുങ്ങിയില്ല. പ്രദേശത്ത് വനപാലകർ കാവൽ നിൽക്കുന്നതിനിടെയാണ് കടുവ പശുക്കളെ അക്രമിച്ചത്. 


ഇടുക്കി : മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവയിറങ്ങി. അഞ്ച് പശുക്കളെ കൊന്നു. കടുവയെ കൂടുവച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ഇന്നലെയും കടുവയിറങ്ങി അഞ്ച് പശുക്കളെ കടിച്ചു കൊന്നിരുന്നു. ഇന്നലെ രാത്രി വനപാലകർ കൂട് വെച്ചെങ്കിലും കടുവ കുടുങ്ങിയില്ല. പ്രദേശത്ത് വനപാലകർ കാവൽ നിൽക്കുന്നതിനിടെയാണ് കടുവ പശുക്കളെ അക്രമിച്ചത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഏഴ് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ അഞ്ചെണ്ണം ചത്തു. വനപാലകർ പടക്കം പൊട്ടിച്ചും മറ്റുമാണ് കടുവയെ പ്രദേശത്ത് നിന്നും ഓടിച്ചത്. 

പളനിസ്വാമി - മാരിയപ്പൻ - സോളമൻ എന്നിവരുടെ പശുക്കളെയാണ് കൊന്നത്. ഇന്നലെയും കിടാവടക്കം അഞ്ച് പശുക്കളെ തൊഴുത്തിൽ കയറി കടുവ ആക്രമിച്ച് കൊന്നിരുന്നു. കടുവയെ പിടിക്കാൻ വനപാലകർ ശ്രമം നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും ആക്രമണമുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളായി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ തോട്ടം തൊഴിലാളികളായ നാട്ടുകാര്‍ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ കടുവ കടിച്ച് കൊന്നത്. 

ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ ഇരവികുളം ദേശീയ പാർക്കിന്‍റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ ഉപരോധിച്ചിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞ് വെച്ചു. ഉപരോധത്തിന് പിന്നാലെ ഇന്നലെ ചത്ത അഞ്ച് പശുക്കളുടെയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകാന്‍ തീരുമാനിച്ചിരുന്നു. 

നാട്ടുകാര്‍ നടത്തിയ അപ്രതീക്ഷിത ഉപരോധത്തില്‍ മൂന്നാറിലെത്തിയ സന്ദര്‍ശകര്‍ വലഞ്ഞു. പൂജയുടെ അവധി ആഘോഷിക്കാന്‍ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം ആരംഭിച്ചത് ശനിയാഴ്ച വൈകുന്നേരത്തോടെയാണ്. മൂന്നാറിലെ മിക്ക ഹോട്ടലുകളും ഹോംസ്‌റ്റേകളും വൈകുന്നേരം തന്നെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു. മുറി ബുക്ക് ചെയ്യാതെ എത്തിവര്‍ പലരും വഴിയോരങ്ങളിലും പഞ്ചായത്തിന്‍റെ വാഹന പാര്‍ക്കിംങ്ങ് സെന്‍ററുകളിലുമാണ് രാത്രി കഴിഞ്ഞുകൂടിയത്. 

തിരക്ക് മനസിലാക്കി രാവിലെ 8 മണിയോടെ പാര്‍ക്കില്‍ എത്താന്‍ വന്നവര്‍ പലരും സമരക്കാരുടെ റോഡ് ഉപരോധത്തില്‍ കുടുങ്ങി. ഇതോടെ വനപാലകര്‍ പാര്‍ക്ക് താല്കാലികമായി പൂട്ടി. വാഹനങ്ങളുടെ നീണ്ടനിര മൂന്നാര്‍വരെ നീണ്ടതോടെ മേഖലയില്‍ ട്രാഫിക്ക് കുരുക്കും ആരംഭിച്ചു. രണ്ട് മണിക്കൂറോളം സമരം നടത്തിവരെ ദേവികുളം സബ് കളക്ടറെത്തി അനുരജ്ഞന ചര്‍ച്ചകള്‍ നടത്തി പിരിച്ച് വിട്ടശേഷം പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഇതിനകം മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്ന സഞ്ചാരികളില്‍ പലരും മടങ്ങി. 

tags
click me!