ഇളവുകളിലും ഉണര്‍വ്വ് ലഭിക്കാതെ മൂന്നാറിലെ വിനോദ സഞ്ചാരമേഖല, ഓണാവധിയിൽ പ്രതീക്ഷ

By Web TeamFirst Published Aug 19, 2021, 7:45 PM IST
Highlights

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല തുറന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇനിയും ഈ മേഖല പൂര്‍ണ്ണമായി ഉണര്‍വ്വ് കൈവരിച്ചിട്ടില്ല. 

ഇടുക്കി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല തുറന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇനിയും ഈ മേഖല പൂര്‍ണ്ണമായി ഉണര്‍വ്വ് കൈവരിച്ചിട്ടില്ല. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്തതാണ് കാരണം.

മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മറയൂര്‍, മാങ്കുളം,വട്ടവട തുടങ്ങിയ വിനോദസഞ്ചാര ഇടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികള്‍ കൂടുതലായി മൂന്നാറിലേക്കെത്തുമെന്നും വിനോദ സഞ്ചാരമേഖല ഉണര്‍വ്വ് കൈവരിക്കുമെന്നുമാണ് പ്രതീക്ഷ. ബോട്ടിംഗ് കേന്ദ്രങ്ങളും ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇവിടങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ട്. 

ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വരുമാനം ലഭിച്ച് തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നത്. കൊവിഡ് ആശങ്കയെ തുടര്‍ന്ന് വിദേശവിനോദ സഞ്ചാരികള്‍ എത്താത്തത് ടൂറിസം മേഖലക്ക് തിരിച്ചടിയായി. 

കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ എത്തിയാല്‍  ഈ ഓണക്കാലത്തെങ്കിലും മോശമല്ലാത്തൊരു വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഹോട്ടലുടമകളും.

click me!