
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അതേസമയം, അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേയ്ക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനാകുക. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിതമായ വർദ്ധനവ് തിരക്ക് രൂക്ഷമാക്കി മാറ്റി.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നേരത്തെ തന്നെ നിരോധനമേർപ്പെടുത്തിയിരുന്നു. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ പ്രധാന വളവുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam