മിനിമം വേതനം നടപ്പാക്കിയില്ല; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍

By Web TeamFirst Published Feb 14, 2019, 5:02 PM IST
Highlights

സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒന്‍പത് മാസം പിന്നിട്ടിട്ടും നഴ്സുമാരുടെ വേതനം പരിഷ്കരിക്കാന്‍ പല ആശുപത്രികളും തയ്യാറാകാതെ വന്നതോടെയാണ് സംഘടന വീണ്ടും നിയമ പോരാട്ടം തുടങ്ങുന്നത്.

കോഴിക്കോട്: നഴ്സുമാരുടെ മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. സംസ്ഥാനത്തെ പകുതിയിലേറെ സ്വകാര്യ ആശുപത്രികളും സുപ്രീംകോടതി നിര്‍ദേശിച്ച മിനിമം വേതനം നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സംഘടന വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.

2017 നവംമ്പര്‍ ആറിനാണ് നഴ്സുമാര്‍ക്ക് മിനിമം വേതനമായി 20000 രൂപ നല്‍കണണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. മിനിമം വേതന വ്യവസ്ഥ അംഗീകരിച്ച് 2018 ഏപ്രില്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും ഇറക്കി. എന്നാല്‍ സംസ്ഥാനത്തെ 1100ഓളം സ്വകാര്യ ആശുപത്രികളില്‍ 150ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് മിനിമം വേതനം ഇതുവരെ  നടപ്പാക്കിയത്.

സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒന്‍പത് മാസം പിന്നിട്ടിട്ടും നഴ്സുമാരുടെ വേതനം പരിഷ്കരിക്കാന്‍ പല ആശുപത്രികളും തയ്യാറാകാതെ  വന്നതോടെയാണ് സംഘടന വീണ്ടും നിയമ പോരാട്ടം തുടങ്ങുന്നത്. നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം നിയമ പോരാട്ടം തുടങ്ങിയതും ട്രെയിൻഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ്. 2011 ൽ സംഘടന ഇതിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പിന്നീട് നഴ്സിങ്ങ് രംഗത്തെ വിവിധ സംഘടനകളുടെ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് മിനിമം വേതനം 20000 രൂപയാക്കണമെന്ന ആവശ്യത്തിന് അംഗീകാരമായത്. എന്നാല്‍ ഉത്തരവ് പൂര്‍ണമായും നടപ്പിലാകാത്ത സാഹചര്യത്തിലാണ് നഴ്സിങ്ങ് മേഖല വീണ്ടും നിയമ പോരാട്ടത്തിലേക്ക് കടക്കുന്നത്

click me!