
ആലപ്പുഴ: മണ്ണിനോട് പടവെട്ടി പൊന്ന് വിളയിക്കുന്ന ട്രാന്‍സ് വുമന്‍ ശ്രാവന്തികയാണ് ഇപ്പോള്‍ ചെങ്ങന്നൂരിലെ താരം. മൂന്നേക്കറിലായി പരന്നു കിടക്കുന്ന ഫാം ഹൗസില്‍ ആണ് ശ്രാവന്തികയുടെ സമ്മിശ്ര കൃഷി. മുളക്കുഴയിലെ ഈ ഫാംഹൗസിലെത്തിയാല്‍ നമ്മെ ആദ്യം സ്വീകരിക്കുന്ന ഈ കാഴ്ചകളാണ്. കരിങ്കോഴി ഉള്‍പ്പെടെ വ്യത്യസ്ത ഇനങ്ങളിലുള്ള കോഴികള്‍, കുട്ടനാടൻ താറാവുകൾ, മലബാറി ആടുകൾ, പശുക്കൾ. പിന്നെ നേരെ കൃഷിയിടത്തിലേക്ക്. വാഴ, കപ്പ, കാച്ചിൽ, ചേന, ചേമ്പ് പട്ടിക നീളുന്നു.
വര്‍ഷങ്ങൾക്കപ്പുറം ഇങ്ങിനെയായിരുന്നില്ല ശ്രാവന്തികയുടെ ജീവിതം. എണ്ണയ്ക്കാട് അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന വീട് 2018-ലെ വെള്ളപ്പൊക്കത്തിൽ തകർന്നു. വാടകവീട്ടിലേക്ക് താമസം മാറ്റിയ ശ്രാവന്തികയുടെ ജീവിതം മാറ്റിമറിച്ചത് മാർത്തോമ സഭയുടെ കീഴിലെ നവോദയ മൂവ്മെന്റാണ്. സഭയുടെ ഉടമസ്ഥതയിൽ മുളക്കുഴയിലെ മൂന്നേക്കർ ഭൂമിയും അവിടെയുണ്ടായിരുന്നെ ചെറിയ വീടും കൃഷിക്കും താമസത്തിനുമായി നൽകി.
ശ്രാവന്തികക്ക് കൂട്ടായി പങ്കാളി അരുണും അച്ഛൻ ശിവനുമുണ്ട്. സമൂഹത്തില്‍ ഇന്നും ഏറെ അവഗണന നേരിടുന്ന ട്രാന്‍സ്ജെന്‍ഡർ വിഭാഗങ്ങള്‍ക്ക് ആത്മവീര്യം പകരാന്‍ തന്‍റെ ട്രാൻസ് ഫാമിന് കഴിയെട്ടെയെന്ന് ശ്രാവന്തിക പറയുന്നു. ആയുർവേദ പഞ്ചകർമയിൽ ഡിപ്ലോമ നേടിയിട്ടുള്ള ശ്രാവന്തിക, തന്‍റെ പ്രൊഫഷനും ഒപ്പം കൊണ്ടു പോകാനാണ് തീരുമാനം.