പ്രളയത്തില്‍ ഒലിച്ചുപോയി, 4 വര്‍ഷം കാത്തു, സര്‍ക്കാര്‍ കനിഞ്ഞില്ല; മുളകൊണ്ട് പാലം നിര്‍മിച്ച് ആദിവാസികള്‍

By Web TeamFirst Published Jun 27, 2022, 8:23 PM IST
Highlights

2018ലെ പ്രളയത്തിലാണ് നല്ല തണ്ണി ആറിന് കുറുകെയുളള പാലം ഒലിച്ചുപോയത്. ഇതോടെ കള്ളക്കുട്ടി കുടി നിവാസികൾ പുറം ലോകവുമായി ഒറ്റപ്പെട്ടു.

മാങ്കുളം : ഇടുക്കിയില്‍ പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ പുനഃര്‍നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്ന് മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത. മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്കുള്ള പാലമാണ് ആദിവാസികള്‍ മുന്‍കൈയെടുത്ത് നിർമിച്ചത്. 

പാലം പുനഃർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. 2018ലെ പ്രളയത്തിലാണ് നല്ല തണ്ണി ആറിന് കുറുകെയുളള പാലം ഒലിച്ചുപോയത്. ഇതോടെ കള്ളക്കുട്ടി കുടി നിവാസികൾ പുറം ലോകവുമായി ഒറ്റപ്പെട്ടു. നാല് വർഷം പിന്നിട്ടിട്ടും ത്രിതല പഞ്ചായത്തുകളും, വനംവകുപ്പും, പട്ടികജാതി വികസന വകുപ്പും അവഗണന മനോഭാവം തുടർന്നു. പ്രദേശവാസികൾ ബദ്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞതോടെ പുഴ മുറിച്ച് കടന്നാണ് കള്ളക്കുട്ടി കുടിയിലേക്ക് ആളുകള്‍ എത്തിയിരുന്നത്. മഴക്കാലമാരംഭിച്ചതോടെ കുടുംബങ്ങള്‍ മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും ദുരിതത്തിലായി. ആശുപത്രിയിലേക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും വയോധികരെയും കുട്ടികളെയും കൊണ്ട് പുഴ മുറിച്ച് കടക്കുന്നത് ജീവന്‍ കൈയ്യില്‍പ്പിടിച്ചായിരുന്നു.  

സ്കൂൾ ആരംഭിച്ചിട്ടും പലം പണിക്കുള്ള നടപടികൾ ആരംഭിക്കാതെ വന്നതോടെമുളയും ഈറ്റയും ഉപയോഗിച്ച്  താത്‌കാലിക പാലം നിർമിക്കാന്‍ ആദിവാസി കുടുംബങ്ങള്‍ തീരുമാനിച്ചത്. അതേ സമയം  പാലം നിര്‍മ്മാണം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയതായാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 
 

click me!