പട്ടിക ജാതി കുടുംബങ്ങളെ സര്‍ക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി

By Web TeamFirst Published Oct 9, 2021, 8:43 AM IST
Highlights

പല തവണ പ്രതിഷേധിച്ചു. പലരുടേയും അടുക്കൽ പരാതിയുമായി ചെന്നു. പക്ഷേ ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കോളനി നിവാസികളുടെ ആരോപണം. 

പാലക്കാട്: കൊല്ലങ്കോട് അംബേദ്ക്കർ കോളനിയിലെ പട്ടിക ജാതി കുടുംബങ്ങളെ സര്‍ക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. ലൈഫ് പദ്ധതിക്കായി നിരവധി തവണ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നാരോപിച്ച് പന്ത്രണ്ടാം തിയതി മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കോളനി നിവാസികളുടെ തീരുമാനം.

പല തവണ പ്രതിഷേധിച്ചു. പലരുടേയും അടുക്കൽ പരാതിയുമായി ചെന്നു. പക്ഷേ ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കോളനി നിവാസികളുടെ ആരോപണം. നേരത്തെ ലൈഫ് പദ്ധതിയിൽ ആക്ഷേപം ഉയര്‍ന്നപ്പോൾ തന്നെ കോളനിയിലുള്ള അന്പതോളം കുടുംബങ്ങൾ ഭവന പദ്ധതിയിൽ ഉൾപ്പെടാൻ അര്‍ഹരാണെന്നു പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു. 

രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്ത് വീട് നൽകുന്നില്ലെന്നാണ് കോളനിയിലുള്ളവര്‍ പറയുന്നത്. എന്നാൽ ഈ ആരോപണം തള്ളുകയാണ് പഞ്ചായത്തധികൃതര്‍. 2019 ലെ ലിസ്റ്റ് പ്രകാരമാണ് ഇപ്പോൾ വീട് അനുവദിക്കുന്നതെന്നും പുതിയ ലിസ്റ്റിൽ കോളനിയിലെ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഭവന പദ്ധതിയുടെ സാധ്യത പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പന്ത്രണ്ടാം തീയതി മുതൽ മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യാനാണ് കോളനിയിലുള്ളവരുടെ തീരുമാനം.

click me!