
മൂന്നാർ: ഇടുക്കി ആയ്യപ്പൻകോവിൽ ചെന്നിനായ്ക്കൻ കുടിയിൽ ആദിവാസിയുടെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചെന്നിനായ്ക്കൻകുടി കിണറ്റുകര കെ.ആർ. കുഞ്ഞുരാമൻറെ ഒന്നരയേക്കർ ഭൂമിയിലെ കൃഷിയാണ് ഭൂമി പാട്ടത്തിനെടുത്തയാൾ വെട്ടി നശിപ്പിച്ചത്. വെട്ടാൻ കഴിയാത്ത കാർഷിക വിളയിൽ കീടനാശിനി തളിച്ച് നശിപ്പിക്കുകയും ചെയ്തെന്നും പരാതി.
പന്ത്രണ്ട് വർഷത്തെ ഉടമ്പടിയിൽ 2009 ൽ ഇടപ്പൂക്കുളം സ്വദേശി ആർ. ലാലുവിന് കുഞ്ഞുരാമൻ ഭൂമി പാട്ടത്തിനു നൽകിയിരുന്നു. എന്നാൽ ഉടമ്പടിയിൽ 22 വർഷമെന്ന് ലാലു തെറ്റായി എഴുതിച്ചു. ഇക്കാര്യം മറച്ചു വക്കുകയും ചെയ്തുവെന്നാണ് കുഞ്ഞുരാമൻ പറയുന്നത്. 12 വർഷം കഴിഞ്ഞിട്ടും ഭൂമിയിൽ വിട്ടു നൽകാൻ പാട്ടക്കാരൻ തയ്യാറായില്ല. പാട്ടക്കാരൻ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും സമ്പാദിച്ചു.
ഇതിനെതിരെ കുഞ്ഞുരാമൻ മേൽക്കോടതിയെയും കളക്ടറയും സമീപിച്ചു. രേഖകൾ പരിശോധിച്ച ശേഷം ഡിസംബർ 21 ന് മുമ്പായി സ്ഥലം വിട്ടു നൽകണമെന്ന് ലാലുവിനോട് നിർദ്ദേശിച്ചു. എന്നാൽ 25 വരെ വിളവെടുത്ത ശേഷം ഏലം, കുരുമുളക് തുടങ്ങിയ കൃഷി ലാലു ചുവടെ വെട്ടി നശിപ്പിച്ചുവെന്നാണ് സ്ഥലമുടമ കുഞ്ഞുരാമന്‍റെ പരാതി.
ലക്ഷങ്ങളുടെ നഷ്ടമാണ് കുഞ്ഞുരാമന് ഉണ്ടായത്. കൃഷി ഉൾപ്പെടെയാണ് കുഞ്ഞുരാമൻ ലാലുവിന് പാട്ടത്തിന് നൽകിയത്. ഇനി വർഷങ്ങൾ കഷ്ടപ്പെട്ടാലേ പുതിയതായി കൃഷി ചെയ്ത് ആദായമുണ്ടാക്കാൻ കഴിയൂ. അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ ലാലുവിനെതിരെ പീരുമേട് ഡിവൈഎസ്പിക്ക് കുഞ്ഞുരാമൻ പരാതി നൽകിയിട്ടുണ്ട്.
Read More : വണ്ടിയിൽ പെട്രോളില്ലെങ്കിൽ പണിപാളും; ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും, സൂചനാ സമരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam