പത്തുവര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ബത്തേരിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് തലചായ്ക്കാനൊരിടമായി

By Web TeamFirst Published Jul 24, 2019, 10:12 AM IST
Highlights

ചാടകപ്പുര കോളനിയിലെ 19, കാക്കത്തോട് കോളനിയിലെ 35, പുഴങ്കുനി കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്കുമാണ് ഭൂമി ലഭിക്കുക.

കല്‍പ്പറ്റ: പതിറ്റാണ്ടിലേറെ കാലം അനുഭവിച്ച ദുരിതങ്ങള്‍ക്കൊടുവില്‍ സുല്‍ത്താന്‍ബത്തേരി കാക്കത്തോട്, ചാടകപ്പുര, പഴങ്കുനി കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി. ഒരോ കുടുംബത്തിനും പത്ത് സെന്‍റുവീതം ലഭിക്കും. കിടങ്ങനാട് വില്ലേജിലെ വള്ളുവാടിയിലാണ് ട്രൈബല്‍ റൂറല്‍ ഡെവലപ്‌മെന്‍റ് ഫണ്ടുപയോഗിച്ച് കുടുംബങ്ങള്‍ക്കായി ഭൂമി കണ്ടെത്തിയത്. 

ചാടകപ്പുര കോളനിയിലെ 19, കാക്കത്തോട് കോളനിയിലെ 35, പുഴങ്കുനി കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്കുമാണ് ഭൂമി ലഭിക്കുക. ഇതില്‍ വീടുനിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മഴ ശക്തമായാല്‍ മൂന്ന് കോളനികളിലെയും ജീവിതം ദുരിതപൂര്‍ണമാകുന്നത് പതിവായിരുന്നു. കല്ലൂര്‍ പുഴക്കും കാക്കത്തോടിനും ഇടയില്‍ തീര്‍ത്തും വീതി കുറഞ്ഞ സ്ഥലത്താണ് കാക്കത്തോട് കോളനി സ്ഥിതി ചെയ്യുന്നത്. 

കഴിഞ്ഞ പ്രളയക്കാലത്ത് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ അധികൃതര്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് നേരിട്ടത്. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കൂട്ടാക്കാതെ നിന്ന കുടുംബങ്ങളെ കലക്ടറും എംഎല്‍എയും നേരിട്ടെത്തി അനുനയിപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് കോളനികളിലും മഴപെയ്താലുള്ള ദുരിതം സമാനമാണ്. 2008 മുതലാണ് കോളനിവാസികള്‍ പുനരധിവാസം ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. 

2008ലും 2011ലും ഇവര്‍ വനഭൂമി കൈയേറി സമരം ചെയ്തിരുന്നു. പിന്നീടിവരെ കണ്ണൂര്‍ ആറളത്തേക്ക് പുനരധിവസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബങ്ങള്‍ ഇവിടെ ഭൂമി സ്വീകരിക്കാന്‍ തയ്യാറായില്ല. വി കേശവേന്ദ്രകുമാര്‍ ജില്ലാകലക്ടറായിരുന്ന കാലത്ത് 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിലുള്‍പ്പെടുത്തി ഇവരെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം കണ്ടെത്തിയെങ്കിലും പദ്ധതി വിജിലന്‍സ് കേസില്‍ കുരുങ്ങിയതോടെ നടപടികള്‍ നിര്‍ത്തിവെച്ചു.

പുനരധിവാസം ആവശ്യപ്പെട്ട് കാക്കത്തോട്, ചാടകപ്പുര കോളനിവാസികള്‍ സമരസമിതി രൂപവത്കരിച്ച് 2017 സെപ്റ്റംബര്‍ 18ന് വയനാട് വന്യജീവി സങ്കേതത്തിലെ അളിപ്പുറം വനഭൂമി കൈയേറി കുടില്‍കെട്ടി സമരം നടത്തി. തുടര്‍ന്ന് പുനരധിവാസ നടപടികള്‍ വീണ്ടും ചര്‍ച്ചയായി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ 2018 ഡിസംബറില്‍ പൂര്‍ത്തിയായെങ്കിലും ആറ് മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഭൂമിയുടെ രേഖകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. 

ഭൂമിയേറ്റെടുക്കല്‍ വൈകിയതതോടെ, ഇവരെ താത്കാലികമായി പുനരധിവസിപ്പിച്ച പഞ്ചായത്ത് മാര്‍ക്കറ്റിലെ കടമുറികളില്‍ കുടുംബങ്ങള്‍ സ്ഥിരതാമസമാക്കിയിരുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ ശോഭന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ടി ഡി ഒ പി ഇസ്മായില്‍, ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

click me!