കൊറോണ: എല്ലാ മുന്‍കരുതലും സ്വീകരിച്ച് തിരുവനന്തപുരം, കരുതലോടെ തലസ്ഥാനം

By Web TeamFirst Published Feb 2, 2020, 1:01 PM IST
Highlights

കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുന്‍സിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരുന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് എല്ലാം മുന്‍കരുതലും സ്വീകരിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കൊറോണ വൈറസ് ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുന്‍സിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ചൈനയില്‍ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് കൊറോണ വൈറസില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ്.

സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റ് ആശുപത്രികളില്‍ പോകാതെ നേരെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഇതോടൊപ്പം ബോധവത്ക്കണവും ശക്തമാക്കിയിട്ടുണ്ട്.

കര്‍മ്മനിരതമായി 108

എയര്‍പോര്‍ട്ടില്‍ നിന്ന് കൊറോണ വൈറസ് ബാധിച്ചെന്ന് സംശയമുള്ളവരെ കൊണ്ടുവരാനായി 108 ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും രണ്ട് ആംബുലന്‍സുകളാണ് ഇതിനായി എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗിയെ ആശുപത്രിയില്‍ ഇറക്കിയ ശേഷം അണുവിമുക്തമാക്കിയിന് ശേഷമാണ് വീണ്ടും ആംബുലന്‍സ് ഉപയോഗിക്കുന്നത്. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.

കൊറോണ നേരിടാന്‍ മെഡിക്കല്‍ കോളേജ് സജ്ജം

കൊറോണ വൈറസ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് ക്ലിനിക്ക്, 10 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐസിയു എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഐസൊലേഷന്‍ റൂമുകളുടെ എണ്ണം അതനുസരിച്ച് വര്‍ധിപ്പിക്കും.

ചൈനയില്‍ നിന്ന് വന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് രോഗ പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കൊറോണ വൈറസ് ക്ലിനിക്ക് സ്ഥാപിച്ചത്. കെഎച്ച്ആര്‍ഡബ്ല്യുഎസ് ഡീലക്‌സ് പേ വാര്‍ഡിന്റെ താഴത്തെ നിലയിലാണ് കൊറോണ വൈറസ് ക്ലിനിക്ക് ഒപി സജ്ജമാക്കിയിരിക്കുന്നത്.

പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.

വലിയ മുന്നൊരുക്കവുമായി ജനറല്‍ ആശുപത്രി

ജനറല്‍ ആശുപത്രിയിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു നില പൂര്‍ണായും കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊറോണ വൈറസ് ക്ലിനിക്കും 14 ഐസൊലേഷന്‍ സജ്ജീകരണങ്ങളുള്ള മുറികളും തയ്യാറാക്കി.

പരിശോധനയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ ഉപകരണങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് സംശയമുള്ള ഒരാള്‍ പോലും മറ്റിടങ്ങളില്‍ പോകരുത്.

ജില്ലയില്‍ സംശയമോ ആശുപത്രി സേവനമോ വേണ്ടവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നോഡല്‍ മെഡിക്കല്‍ ഓഫീസറായ ഡോ. അരവിന്ദ് 9447834808, തിരുനന്തപുരം ജനറല്‍ ആശുപത്രി നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ബി. മീനാകുമാരി 9446705590 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

click me!