
തിരുവനന്തപുരം: ഇരണിയലിൽ തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങൾ പിടിയിൽ. കന്യാകുമാരി കയത്താർ അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജും (38), അനുജൻ കണ്ണനും (32) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ബിവറേജ് ഔട്ലെറ്റിലാണ് ഇരുവരും മോഷണം നടത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യ കുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നതായി പൊലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ഛ് അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 380 മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു. കാറിൽ മാധ്യമ പ്രവർത്തകൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മീഡിയ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam