
ഹരിപ്പാട്: അഞ്ചുമാസം പ്രായമുളള കുട്ടിയുടെ രണ്ടു പവന്റെ അരഞ്ഞാണം അപഹരിച്ച കേസിൽ യുവതിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റു ചെയ്തു. കണ്ടല്ലൂർ പുതിയവിള രമണാലയത്തിൽ അനൂപിന്റെ മകൾ വൈകയുടെ അരഞ്ഞാണം അപഹരിച്ച കേസിൽ കീരിക്കാട് കണ്ണംമ്പളളി ഭാഗം അഞ്ജുഭവനത്തിൽ അഞ്ജു(21) ഭർത്താവ് കുമാരപുരം താമല്ലാക്കൽ തെക്ക് തകിടിയിൽ കിഴക്കതിൽ വിഷ്ണു(ഉണ്ണി -29), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 10-നാണ് മോഷണം നടത്തിയത്.
പ്രതി അഞ്ജു അകന്ന ബന്ധുവാണ്. വല്ലപ്പോഴും അഞ്ജു പുതിയവിളയിലെ വീട്ടിലെത്താറുണ്ടായിരുന്നു. 10-ാം തീയതി വീട്ടിലെത്തിയ ഇവരുടെ കയ്യിൽ കുട്ടിയെ ഏല്പിച്ച് നീതു തുണി വിരിക്കാനായി പോയി. തുടർന്ന് യുവതി മടങ്ങിപ്പോയതിനുശേഷമാണ് അരഞ്ഞാണം നഷ്ടപ്പെട്ട കാര്യം വീട്ടുകാർക്ക് മനസ്സിലായത്. സംശയം തോന്നിയതുകാരണം അരഞ്ഞാണം എടുത്തെങ്കിൽ തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ വീട്ടുകാരോട് പ്രതി ദേഷ്യപ്പെട്ടു.
അനൂപിന്റെ അമ്മ ഷേർളി കനകക്കുന്ന് പോലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ മുങ്ങുകയായിരുന്നു. തെങ്കാശി, പഴനി കോഴിക്കോട്, പാലക്കാട്, ഭാഗങ്ങലിലാണ് ഒളിവിൽ കഴിഞ്ഞത്. ഇതിനിടെ അഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കായംകുളം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
നാട്ടിൽ തിരികെയത്തിയ ഇവരെ കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ കണ്ടല്ലൂർ പറവൂർ ജങ്ഷൻ ഭാഗത്തുവെച്ച് എസ്.ഐ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ചാരുമൂട്ടുളള സ്വർണ്ണക്കടയിൽ അരഞ്ഞാണം വിറ്റതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കടയിൽ എത്തിച്ച് തെളിവെടുത്തു. മോഷണ മുതലാണെന്നറിഞ്ഞിട്ടും വിൽക്കാനുൾപ്പെടെ സഹായിച്ചതിനാണ് വിഷ്ണുവിനെ പ്രതി ചേർത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam