
തൃശൂർ: കാർ ഡ്രൈവറെ മർദിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. 46 ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത് പറമ്പിൽ വീട്ടിൽ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു (29) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ടാക്‌സി ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി.
ശനിയാഴ്ച വൈകീട്ട് 3.10 ഓടെ വാടാനപ്പള്ളി ചിലങ്ക ജംഗ്ഷനിലാണ് സംഭവം. ടാക്സി കാറിൽ വന്ന ഹരീഷ് റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് എതിരെ വന്ന കാർ മുന്നിലേക്ക് എടുത്തു. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഹരീഷിനോട് കാറിലുണ്ടായിരുന്ന ഡ്രൈവർ വാക്കുതർക്കത്തിലേർപ്പെട്ടു. രോഷാകുലനായ ഹരീഷ് ഉടനെ ഡ്രൈവറുടെ മുഖത്തടിച്ചു. പിന്നീട് വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം സ്ഥലത്ത് നിന്നും ഹരീഷും ജിത്തുവും കാറിൽ രക്ഷപ്പെടുകയായിരുന്നു.
കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ മതിൽ മൂലയിൽ വെച്ച് പൊലിസുകാർ കാർ കണ്ടെത്തി. വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. വാഹനത്തിൽ വടിവാളടക്കം ആയുധങ്ങൾ കണ്ടെത്തി.
കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഹരീഷിനെതിരെ കേസുകളുണ്ട്. ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക തുടങ്ങിയ വകുപ്പുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്.
എറണാകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിക്കുക എന്നിങ്ങനെ ഏഴ് കേസുകളിൽ പ്രതിയാണ് ജിത്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ. ഷാജി , സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam