വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത കേസ്; പ്രതികളായ പിതാവും മകനും പിടിയില്‍

By Web TeamFirst Published Sep 28, 2019, 6:55 PM IST
Highlights
  • ഡോക്ടറുടെ പരാതിയിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു
  • പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നില്ല
  • സംഭവം നടന്നത് കഴിഞ്ഞ 14ന്

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ആശുപത്രിക്ക് നേരേ അക്രമം നടത്തുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളായ പള്ളിക്കല്‍ സിഎസ്കെ മന്ദിരത്തിൽ സുഗതകുമാർ, മകൻ രഞ്ചീഷ് സുഗതൻ എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ്  പിടികൂടിയത്.

രഞ്ചീഷിനെ കാട്ടുപുതുശ്ശേരിയിൽ നിന്നും സുഗതകുമാറിനെ പള്ളിക്കല്‍ ജംഗ്ഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14നായിരുന്നു പള്ളിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്തത്. പനിക്ക് ചികിത്സ തേടിയ വീട്ടമ്മ രക്തപരിശോധനാ ഫലവുമായി എത്തിയ അവസരത്തിൽ പുറത്തെ മുഴ ഡോക്ടറെ കാണിച്ചശേഷം അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അതിനുള്ള സംവിധാനം ഇല്ലാത്തതിനാൽ സർജനെ കാണിച്ച ശേഷം താലുക്ക് ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചു. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ വാക്കേറ്റത്തിലേർപ്പെട്ട ഇവർ അറിയിച്ചതനുസരിച്ച് ഇവരുടെ ഭർത്താവും  മകനും ആശുപത്രിയിലെത്തി ഡോക്ടറോട് മോശം വാക്കുകള്‍ പ്രയോഗിക്കുകയും ഇത് ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഇതിന് ശേഷം ഫോണ്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ആശുപത്രി ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടറുടെ പരാതിയിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പള്ളിക്കൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ ഒളിവിൽ പോകുകയും  മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇവർക്ക്  ജാമ്യം നിഷേധിക്കുകയും അന്വേഷണത്തിന് പൊലീസിനോട് സഹകരിക്കാനുമായിരുന്നു കോടതി ഉത്തരവ്. തിരുവനന്തപുരം റൂറൽ എസ്പി ബി അശോകന്‍റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ പള്ളിക്കല്‍ ഐഎസ്എച്ച്ഒ അജി ജി. നാഥ്, എസ്ഐ പി അനിൽകുമാർ, എഎസ്ഐ അജയൻ, സിപിഒമാരായ സുധീർ, ബിജുകുമാർ, സുനിൽകമാർ, ഷാഡോ ടീമംഗങ്ങളായ ദിലീപ്, ഫിറോസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

click me!