
തൃശൂർ: തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്-കോസ്റ്റൽ പൊലീസ് സംയുക്തസംഘം പിടികൂടി. വാടാനപ്പള്ളി തൃത്തല്ലൂർ കരീപ്പാടത്ത് വീട്ടിൽ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘സൂര്യദേവൻ’ വള്ളവും ഏങ്ങണ്ടിയൂർ സ്വദേശി പുതുവീട്ടിൽ നസീറിന്റെ ക്യാരിയർ വള്ളവും ഉൾപ്പെടെ രണ്ട് യാനങ്ങളാണ് അധികൃതർ പിടിയിലായത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഫർഷാദിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിലാണ് ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന യാനങ്ങൾ പിടിച്ചെടുത്തത്. ഇത്തരം മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനെതിരെ പരമ്പരാഗത യാനങ്ങളിലെ തൊഴിലാളികളും ലൈറ്റ് ഫിഷിങ് നടത്തുന്നവരും തമ്മിൽ കടലിൽ സംഘർഷാവസ്ഥക്ക് സാധ്യതയുള്ളതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
യാനങ്ങളിൽ ഉപയോഗിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 97,00 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് സൂര്യദേവൻ വള്ളത്തിന് മൂന്ന് ലക്ഷം പിഴയിട്ടു.
ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ രേഷ്മ, മെക്കാനിക് ജയചന്ദ്രൻ, മുനക്കകടവ് കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുമേഷ് ലാൽ, ലോഫിരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ നിധിൻ, അനൂപ്, ബൈജു, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ ഇ.ആർ. ഷിനിൽകുമാർ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു എന്നിവര്‍ പരിശോധനകൾക്ക് നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam