വയനാട്ടില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം

By Web TeamFirst Published Aug 6, 2021, 1:02 PM IST
Highlights

വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. 

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. 

വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. 

വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുത്തവരായിരിക്കണം. മുഴുവന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന കാര്യങ്ങള്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിര്‍ദ്ദേശങ്ങള്‍. കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടകളോ ഇതര സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കാനും ഉന്നതപോലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!