
തിരുവനന്തപുരം: ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച രണ്ട് ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്. വൈകിട്ട് 4.30 ഓടെഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കവേയാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇവർ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ എത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാൾ ഓടി. മറ്റെയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് നാട്ടുകാരെ കൂട്ടി പരിസര പ്രദേശത്ത് നടത്തിയ തിരച്ചിലിൽ രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇരുവരെയും വിഴിഞ്ഞം പൊലീസിൽ ഏൽപ്പിച്ചു. കാണിക്കവഞ്ചിയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമത്തിന് കേസ് എടുത്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam