
മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ കുത്തേറ്റ് രണ്ട് ആടുകൾ ചത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ വീട്ടിൽ വളർത്തുന്ന അഞ്ച് ആടുകൾക്ക് നേരെയാണ് വ്യാഴാഴ്ച ഉച്ചയോടെ തേനീച്ചകളുടെ ആക്രമണമുണ്ടായത്.
ആടുകളെ കെട്ടിയ പറമ്പിലെ തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ ഇവ പറമ്പിലേക്ക് ഇളകിയെത്തുകയായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് ഫാത്തിമയും സഹോദരൻ ബഷീറും ഓടിച്ചെല്ലുമ്പോൾ ആടുകളെ തേനീച്ചക്കൂട്ടം പൊതിഞ്ഞു നിൽക്കുന്നതാണ് കണ്ടത്. തലയിൽ ഹെൽമറ്റിട്ട് വന്ന ബഷീർ തൊട്ടടുത്ത തോട്ടിലേക്ക് ആട്ടിൻ കുട്ടികളെ എടുത്തിട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ആടുകളെ തേനീച്ചകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവേ ഉടമ ഫാത്തിമ, സഹോദരൻ ബഷീർ, ഫാത്തിമയുടെ മകൾ സക്കീന എന്നിവർക്കും കുത്തേറ്റു. മാരകമായ കുത്തേറ്റ വലിയ ആടുകൾക്ക് മൃഗഡോക്ടർ മരുന്നു നൽകിയെങ്കിലും രണ്ടെണ്ണം രാത്രി തന്നെ ചാവുകയായിരുന്നു. രണ്ട് കുട്ടികളടക്കം മൂന്ന് ആടുകൾ അവശനിലയിൽ ഇപ്പോഴും ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam