മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ പാഞ്ഞ കാര്‍ ഇടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

By Web TeamFirst Published Nov 24, 2022, 8:26 AM IST
Highlights

ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്‍റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്. 

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് യുവാവ് ഓടിച്ച കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്ക്. അമിതവേഗത്തിൽ കാർ വരുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. അപകട ശേഷവും കാര്‍ നിറുത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ തടഞ്ഞു വെച്ച് പൊലീസിന് കൈമാറി. സംഭവത്തിൽ മണ്ണകല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവർക്കാണ് പരിക്കേറ്റത്. ശാരദയുടെ കാലിന് അപകടത്തെ തുടര്‍ന്ന് പോട്ടലുണ്ട്. സംഭവത്തിൽ മണ്ണക്കല്ല് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബാലരാമപുരം മണ്ണക്കല്ലിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മുതൽ 53 തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്‍റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്. കോട്ടുകാൽ മന്നോട്ടുകോണം ഭഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാർ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞ് കേറുകയായിരുന്നുവെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. 

കാർ പാഞ്ഞ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്. പരിക്ക് പറ്റിയ സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. തുടർന്ന് ഇവരെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകട ശേഷം കിരൺ കാർ നിറുത്താതെ ഓടിച്ച് വീട്ടിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കിരണിന്‍റെ വീട്ടിലെത്തി പൊലീസ് വരുന്നത് വരെ ഇയാളെ രക്ഷപ്പെടാതെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്ക് പറ്റിയ ശാരദയെ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
 

click me!