
കൊച്ചി: തൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൽ ആദ്യമായി ശബ്ദം കേട്ടതിൻ്റെ അമ്പരപ്പിലും കൗതുകത്തിലുമായിരുന്നു കാസർഗോഡ് രാജപുരം സ്വദേശികളായ ഗിരീശൻ്റെയും നീതുമോളുടെയും മകളായ പൂജ. കേൾവിശേഷിയില്ലാത്തതിനാൽ കുട്ടി സംസാരിക്കില്ലെന്നറിഞ്ഞ നാൾ മുതൽ തകർന്ന അവസ്ഥയിലായിരുന്ന ആ കുടുംബത്തിന്, പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന കോക്ലിയർ ഇംപ്ലാൻ്റ് ശസ്ത്രക്രിയയെക്കുറിച്ച് അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു.
ഇതിനിടെയാണ് ലിസി ആശുപത്രിയിലെ സൗജന്യ കോക്ലിയർ ഇംപ്ലാൻ്റ് ശസ്ത്രക്രിയ നടത്തുന്ന 'ലിസ് ശ്രവൺ' പദ്ധതിയെക്കുറിച്ച് ഇവർക്ക് വിവരം ലഭിച്ചത്. തുടർന്ന് കുട്ടിയുടെ ചികിത്സാരേഖകളുമായി അവർ ലിസി ആശുപത്രിയിലെത്തി. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്‌മെൻ്റ് പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്താൻ തയ്യാറാവുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ഇംപ്ലാൻ്റ് ഘടിപ്പിച്ചത്. അതിനുശേഷം, പിറന്നാൾ ദിനമായ ഇന്നലെയായിരുന്നു ഇംപ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നടന്നത്. കുഞ്ഞിൻ്റെ തുടർന്നുള്ള പ്രതികരണങ്ങൾ കണ്ടപ്പോൾ മാതാപിതാക്കൾക്കുണ്ടായ സന്തോഷം അവിടെ സാക്ഷ്യം വഹിച്ച എല്ലാവരിലേക്കും പടർന്നു. തങ്ങളുടെ മകൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് അവർ പറഞ്ഞു.
കോക്ലിയർ ഇംപ്ലാൻ്റ് സർജൻ ഡോ. മേഘ കൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇ.എൻ.ടി വിഭാഗത്തിലെ ഡോ. റീന വർഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹൻ, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവൻ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും അനസ്തേഷ്യ വിഭാഗം തലവൻ ഡോ. കെ. രാജീവിൻ്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും, റേഡിയോളജി വിഭാഗം തലവൻ ഡോ. അമൽ ആൻ്റണി, ഡോ. സുശീൽ എലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും, ഇംപ്ലാൻ്റ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘവും ചികിത്സയിൽ പങ്കാളികളായിരുന്നു.
ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് കുഞ്ഞിൻ്റെ പിറന്നാൾ ആഘോഷിച്ചത്. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിനെത്തിയിരുന്നു. പുത്തനുടുപ്പുകളും പിറന്നാൾ സമ്മാനങ്ങളും നൽകിയാണ് കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam