
ഇരിട്ടി: കണ്ണൂർ ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചരല്‍ പുഴയയിൽ കുളിക്കാനിറങ്ങിയ എമിൽ സബാൻ, റാഫി എന്നിവരാണ് കയത്തിൽപ്പെട്ട് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് സുഹൃത്തുക്കളായ നാലുപേർ രണ്ടു ബൈക്കുകളിലായി കിളിയന്തറയിൽ എത്തിയത്. ബാരാപോൾ പദ്ധതിപ്രദേശത്തെ ചരൾ കടവിൽ ഇവർ കുളിക്കാനിറങ്ങി. കഴിഞ്ഞ തവണത്തെ ഉരുൾപൊട്ടലിന് ശേഷം ഈ ഭാഗത്ത് ആഴം കൂടിയിരുന്നു.
നാലുപേരും കുളിച്ച് കയറിയതിന് ശേഷം റാഫി ഒന്നുകൂടി വെള്ളത്തിലിറങ്ങി. പുഴയുടെ നടുവിലേക്ക് നീന്തിയതോടെ റാഫി കയത്തിൽ പെട്ടു. മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി ചാടിയ എമിൽ സബാനും ചുഴിയിൽ പെടുകയായിരുന്നു. കരയ്ക്കുകയറി മറ്റുരണ്ടുപേരും അലറിവിളിച്ചതോടെ പരിസരവാസികൾ ഓടിയെത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വള്ളിത്തോട് സ്വദേശിയായ റാഫി എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഉളിക്കൽ സ്വദേശി എമിൽ സബാൻ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥി ആയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളേജേലേക്ക് കൊണ്ടുപോയി. കരിക്കോട്ടക്കരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam