
തിരുവനന്തപുരം കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആർ.എസ്. മൻസിലിൽ ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഹനപുരം ഖബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലി(27) എന്നയാൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വെട്ടേറ്റത്. ഖബറഡി ജങ്ഷന് സമീപം ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.
പിന്നാലെയെത്തിയ അക്രമികൾ കടയ്ക്കകത്തു കയറി നൗഫലിനെ വെട്ടിവീഴ്ത്തി. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ മുംബൈയിലേക്ക് ഒളിവിൽപ്പോയെങ്കിലും കൈയിൽ കരുതിയ പണം തീർന്നതിനെത്തുടർന്ന് മടങ്ങിയെത്തിയപ്പോഴാണ് കൊച്ചുവേളിയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മംഗലപുരം പൊലീസ് അറിയിച്ചു.
Read More : പത്തനംതിട്ട പീഡനം: ഇനി പിടിയിലാകാനുള്ളത് 15 പേർ, 2 പ്രതികൾ വിദേശത്ത്, റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam