
അമ്പലപ്പുഴ: ആലപ്പുഴയിൽ എക്സൈസസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ നിധീഷ് കെ എസ്, വിനോദ് വി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ന്യൂജെനറേഷൻ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവും കർണാടകയിൽ മാത്രം വിൽപ്പന നടത്തേണ്ട മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.
കേരളത്തിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ഗ്രാം മെത്താംഫിറ്റമിനും, 334 ഗ്രാം കഞ്ചാവും, ഒന്നര ലിറ്റർ കർണാടക മദ്യവുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ വലയിലാക്കിയത്. പ്രതികളിൽ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മയക്ക് മരുന്ന് ഇടപാടുകൾ നടത്തുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ അക്ബർ, ആന്‍റണി കെ ഐ, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് ആർ, മുസ്തഫ എ ച് , അനിൽകുമാർ റ്റി, ഷഫീക്ക് കെ എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോടും ഒരു യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശി നജീബ് കെയാണ് 4 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കാറിൽ വന്നയാളെ എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കോഴിക്കോട് ബീച്ചിൽ നിന്നും മാങ്കാവിലേക്ക് പോകുന്ന റോഡിൽ പുഷ്പ ജംഗ്ഷനു സമീപത്തു വച്ചാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും 33,000 രൂപയും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.
Read More : ഒരാൾ പതുങ്ങിയെത്തി, പിന്നാലെ തീപിടിത്തം; എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്