നിബന്ധനങ്ങള്‍ ലംഘിച്ച് മൂന്നാറിലെത്തി; രണ്ട് യുവാക്കളെ പിടികൂടി ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു

Published : Apr 18, 2020, 07:32 PM IST
നിബന്ധനങ്ങള്‍ ലംഘിച്ച് മൂന്നാറിലെത്തി; രണ്ട് യുവാക്കളെ പിടികൂടി ക്വാറന്‍റൈനില്‍  പ്രവേശിപ്പിച്ചു

Synopsis

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാമക്കല്ലില്‍ നിന്നും അത്യാവശ്യസാധനങ്ങളെന്ന് എഴുതിയ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ യുവാക്കള്‍ എത്തിയത്. 

ഇടുക്കി: മൂന്നാറില്‍ കൊവിഡ് 19 നിബന്ധനങ്ങള്‍ ലംഘിച്ച് എത്തിയ രണ്ട് യുവാക്കളെ പിടികൂടി ക്വാറന്‍റൈനില്‍  പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ യുവാക്കളെയാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേത്യത്വത്തില്‍ പിടികൂടി പഴയമൂന്നാറിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

മൂന്നാറില്‍ മാര്‍ക്കറ്റ് തുറക്കുമെന്നുള്ള നിര്‍ദ്ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചതിന് പിന്നാലെയാൺണ് തമിഴ്‌നാട് സ്വദേശികള്‍ എത്തിയത്. ഇത് മൂന്നാറിന്റെ സുരക്ഷയ്ക്ക് തിരിച്ചടിയാകുമെന്നുള്ള വിലയിരുത്തലിലാണ് അധിക്യതര്‍. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാമക്കല്ലില്‍ നിന്നും അത്യാവശ്യസാധനങ്ങളെന്ന് എഴുതിയ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ യുവാക്കള്‍ എത്തിയത്. 

പഴയമൂന്നാറിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍  വാഹനം പാര്‍ക്ക് ചെയ്തശേഷം യുവാക്കള്‍ സമീപത്തെ മുറിയില്‍ കയറി വാതില്‍ അടച്ചിട്ടു. രാവിലെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളെ കണ്ടെത്തിയത്. ഉടമയുടെ നിര്‍ദ്ദേശപ്രകാരം തേങ്ങയും മുട്ടയും രണ്ടുദിവസം കഴിഞ്ഞ് മാര്‍ക്കറ്റ് തുറക്കുമ്പോള്‍ ഇറക്കിയശേഷം വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകുമെന്ന് യുവാക്കള്‍ പറഞ്ഞു. 

എന്നാല്‍ മൂന്നാറിലെ വാഹനങ്ങള്‍ക്കാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയടക്കമുള്ള എത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. തന്നയുമല്ല ഡ്രൈവര്‍മാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങുകയോ സ്പര്‍ശിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. ഇത്തരം നിബന്ധനകള്‍ പാലിക്കാതെയാണ് യുവാക്കള്‍ മൂന്നാറിലെത്തിയത്. ഇവരെ പഴയമൂന്നാറിലെ ശിക്ഷക് സദന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു. 

തൊഴിലാളികളെ മൂന്നാറിലേക്ക് അയച്ച ഉടമയ്‌ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിക്കും. വട്ടവടയില്‍ ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ യുവാവിനെ പ്രസിഡന്റ് പിടികൂടി മള്‍ട്ടി അമിനിറ്റി സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാറില്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കുമ്പോള്‍ ഇത്തരത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ അതിര്‍ത്തി കടന്നെത്തുന്നത് അധിക്യതര്‍ക്ക് തലവേദന സ്യഷ്ടിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്