രാത്രിയാത്ര നിരോധനം: ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിവച്ചു

By Web TeamFirst Published Sep 27, 2019, 5:27 PM IST
Highlights

മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത വയനാട് ഹര്‍ത്താല്‍ മാറ്റിവച്ചു. വ്യാപാരികളുടേയും നാട്ടുകാരുടെയും കനത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം . 

കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 5 ന് വയനാട് ജില്ലയിൽ നടത്താനിരുന്ന യുഡിഎഫ് ഹർത്താൽ മാറ്റി വച്ചു. വ്യാപാരികളുടേയും നാട്ടുകാരുടെയും കനത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം . ഒക്ടോബർ ഒന്നിന് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പം ഡൽഹിക്ക് പോകുമെന്നും അറിയിച്ചു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.  

ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്. ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അഞ്ച് യുവനേതാക്കൾ ചടങ്ങിൽ ഉപവാസിച്ചിരുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചു.ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രം​ഗത്തെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടിരുന്നു. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

click me!