
മലപ്പുറം: മലപ്പുറം തിരുവാലി പഞ്ചായത്തിൽ ഇന്ന് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേദിയാകുമ്പോൾ എന്തായിരിക്കും ഫലമെന്ന ആകാംക്ഷയിലാണ് മലപ്പുറം. പഞ്ചായത്തി ലീഗ് ഇടഞ്ഞു തന്നെയെങ്കിൽ എൽഡിഎഫിന് ലോട്ടറിയാകും. 11 സീറ്റുമായി ഭരണം പിടിക്കേണ്ടിയരുന്ന യുഡിഎഫിൽ തര്‍ക്കം രൂക്ഷമായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ടാണ് തർക്കം. രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രസിഡന്റ് പദവി പങ്കുവെക്കാനില്ലെന്നും വൈസ് പ്രസിഡൻ്റ് സ്ഥാനം മാത്രമേ നൽകൂവെന്നുമാണ് കോൺഗ്രസിൻ്റെ നിലപാട്.
കോൺഗ്രസ് നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നിരുന്നു. ലീഗ് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്താൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് കൊണ്ടുപോകുമെന്ന അവസ്ഥ വന്നതോടെ കോൺഗ്രസ് മെമ്പര്‍മാരും തെരഞ്ഞെടുപ്പിനെത്തിയില്ല. തുടര്‍ന്നാണ് ഇന്ന് തിരുവാലിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തിൽ ഏഴ് സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. ഇടതുപക്ഷം എട്ട് സീറ്റുകളിൽ ജയിച്ചു. നാലംഗങ്ങളുള്ള മുസ്ലിം ലീഗിൻ്റെ പിന്തുണയോടെയല്ലാതെ കോൺഗ്രസിന് പഞ്ചായത്ത് ഭരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മുസ്ലിം ലീഗ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
തര്‍ക്കം രൂക്ഷമായി തെരഞ്ഞെടുപ്പ് തന്നെ ക്വാറം തികയാതെ മാറ്റി വച്ചതോടെ കോൺഗ്രസ്-ലീഗ് ജില്ലാ നേതൃത്വം ഇടപെട്ട് താൽക്കാലിക സമവായത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടഞ്ഞുതന്നെ നിൽക്കുകയാണെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനും എന്നത് തന്നെയാണ് തീരുമാനത്തിൽ എത്തിയത്. എന്നാൽ ഒരു വര്‍ഷമെങ്കിലും പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകണമെന്ന ആവശ്യത്തിലുറച്ചാണ് താൽക്കാലിക സമവായത്തിന് ലീഗ് തയ്യാറായിരിക്കുന്നത്. തർക്കം തീർന്നില്ലെങ്കിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾക്ക് തിരുവാലി സാക്ഷ്യം വഹിക്കും. ഇന്നും മുസ്ലിം ലീഗ് വിട്ടുനിൽക്കുകയാണെങ്കിൽ 19 അംഗ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിക്കുന്ന സാഹചര്യവും ഉണ്ടാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam