
കോട്ടയം : കോട്ടയത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും 14 സീറ്റുകളുള്ള ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് വിട്ടുനിൽക്കും. പഞ്ചായത്തിൽ പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ സംവരണമാണ്. എന്നാൽ പഞ്ചായത്തിൽ യുഡിഎഫിന് സംവരണാംഗമില്ല. എൽഡിഎഫിനും ബിജെപിക്കും ഓരോ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള അംഗമുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നാൽ ഇന്ന് ക്വാറം തികയില്ല. തെരഞ്ഞെടുപ്പും നടക്കില്ല. ഉച്ചകഴിഞ്ഞുള്ള വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും.
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക.941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13 പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഭരണം ആർക്കെന്ന് തീരുമാനിക്കാൻ സ്വതന്ത്രരും ചെറിയ പാർട്ടികളും നിർണായകമാകും. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തിൽ തുല്യ സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.
ജില്ലയിലെ പല പഞ്ചായത്തുകളിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ വീതം പങ്കിട്ടു. ഏഴു വീതം സീറ്റുകളിലാണ് ഇവിടെ രണ്ട് മുന്നണിക്കും. നറുക്കെടുപ്പിൽ ഇവിടെ ഭാഗ്യം തുണയ്ക്കുന്നവർക്കാകും പ്രസിഡന്റ് പദവി ലഭിക്കുക.
മംഗലപുരത്ത് എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ ഏഴ് സീറ്റുകൾ വീതം നേടി കരുത്തുകാട്ടിയപ്പോൾ ഒരുസ്വതന്ത്രന്റെ നിലപാട് നിർണായകമാകും. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ഇവിടെ എൽഡിഎഫ്. എന്നാൽ സ്വതന്ത്രന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam