കാട് വെട്ടിത്തെളിക്കാന്‍ പഞ്ചായത്തിന് ഉദാസീനത; ഭൂമിവിതരണം ചെയ്യാനാകാതെ റവന്യു വകുപ്പ്

By Web TeamFirst Published Sep 5, 2019, 12:20 PM IST
Highlights

വി എസ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പട്ടയങ്ങളുമായി തൊഴിലാളികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പ്രശ്നപരിഹാരം കാണാനായില്ല

ഇടുക്കി: തോട്ടംതൊഴിലാളികള്‍ക്ക് ഭൂമിവിതരണം നടത്തുന്നതിന് പഞ്ചായത്തുകളുടെ ഉദാസീനത തിരിച്ചടിയാവുന്നു. കാട് വെട്ടിതെളിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിക്കാത്തത് ഭൂമിവിതരണം നീണ്ടുപോകാന്‍ കാരണമെന്ന് റവന്യു അധിക്യതര്‍.

പത്തുവര്‍ഷം മൂമ്പാണ് കുറ്റിയാര്‍വാലിയില്‍ തോട്ടംതൊഴിലാളികള്‍ക്ക് അഞ്ചും പത്തും സെന്‍റുകള്‍ വീതം സര്‍ക്കാര്‍ അനുവദിച്ചത്. പത്ത് സെന്റില്‍ നിലവില്‍ വകുപ്പുകളുടെ സഹകരണത്തോടെ തൊഴിലാളികള്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ അഞ്ച് സെന്‍റ് ഭൂമികള്‍ അനുവദിച്ചവര്‍ക്ക് പട്ടയം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പട്ടയങ്ങളുമായി തൊഴിലാളികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പ്രശ്നപരിഹാരം കാണാനായില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാറിലെ പ്രദേശിക നേതാക്കള്‍ ശ്രമം ആരംഭിച്ചെങ്കിലും ഫലവത്തായില്ല. ദേവികുളം സബ് കളക്ടര്‍ രേണുരാജ് രണ്ടുമാസം മുമ്പ് ജില്ലാ കളക്ടര്‍ക്ക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഇതോടെ സര്‍ക്കാര്‍ ഭൂമിവിതരണം നടത്താന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ദേവികുളം തഹസില്‍ദ്ദാരുടെ നേത്യത്വത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി കൂടിയാലോജിച്ചതില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ വീണ്ടും പരിശോധനകള്‍ നടത്താന്‍ ആവശ്യമുയര്‍ന്നു.

2300 പട്ടയങ്ങളില്‍ നിലവില്‍ 600 പട്ടയങ്ങള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തൊഴിലാളികള്‍ക്ക് അനുവധിച്ച ഭൂമികളില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിച്ചെടികള്‍ വെട്ടുന്നതിന് പഞ്ചായത്തുകള്‍ നിസംഗത കാട്ടുകയാണ്. മൂന്നാര്‍ ദേവികുളം പഞ്ചായത്തുകള്‍ കാടുകള്‍ വെട്ടിതെളിക്കുന്നമുറയ്ക്ക് ഭൂമികള്‍ കാണിച്ചുകൊടുക്കുമെന്ന് തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളിയില്‍ പറയുന്നത്. കാടുകള്‍ വെട്ടിതെളിക്കുന്നത് സംബന്ധിച്ചുള്ള ടെണ്ടര്‍ നടപടികള്‍ പോലും പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

click me!