അനധികൃത പാര്‍ക്കിംഗും ഗതാഗതക്കുരുക്കും; മാന്നാറിൽ അപകടങ്ങള്‍ വർദ്ധിക്കുന്നു

By Web TeamFirst Published Oct 20, 2018, 7:20 PM IST
Highlights

വാഹന തിരക്കേറിയ റോഡിന്റെ ഇരുവശവും പാര്‍ക്കിംഗ് വാഹനങ്ങളും നിറയുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പലപ്പോഴും രൂക്ഷമാകും. ഇത് മണിക്കൂറുകളോളം നീളുന്നതിനാല്‍ രോഗികളുമായി വരുന്ന ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍പ്പെട്ട് രോഗി ചികിത്സ കിട്ടാതെ മരിക്കാനിടയാകുന്നു

മാന്നാര്‍: അനധികൃത പാര്‍ക്കിംഗും വാഹനങ്ങളുടെ അമിതവേഗവും തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണമാകുമ്പോഴും അധികൃതരില്‍ നിസംഗത.തിരക്കേറിയ മാന്നാര്‍-മാവേലിക്കര റോഡിലെ എല്ലാ പ്രധാന ജംഗ്ഷനുകളിലും പാര്‍ക്കിംഗ് വാഹനങ്ങളുടെ നീണ്ട നിരയാണ്. റോഡില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളേറെയാണ്.

വാഹന തിരക്കേറിയ റോഡിന്റെ ഇരുവശവും പാര്‍ക്കിംഗ് വാഹനങ്ങളും നിറയുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പലപ്പോഴും രൂക്ഷമാകും. ഇത് മണിക്കൂറുകളോളം നീളുന്നതിനാല്‍ രോഗികളുമായി വരുന്ന ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍പ്പെട്ട് രോഗി ചികിത്സ കിട്ടാതെ മരിക്കാനിടയാകുന്നു. യാതൊരുവിധ മര്യാദകളും ട്രാഫിക്ക് ചട്ടങ്ങളും പലരും പാലിക്കാതെ റോഡരികില്‍ നടത്തുന്ന അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുളളതാണെങ്കിലും പഞ്ചായത്തോ നിയമപാലകരോ നടപടി സ്വീകരിക്കുന്നില്ല.

ട്രാഫിക്ക് ഡ്യൂട്ടിക്ക് ഹോം ഗാര്‍ഡുകളുണ്ടെങ്കിലും ഇവര്‍ നോക്കി നില്‍ക്കേയാണ് വാഹന ഗതാഗതം തടസ്സപ്പെടുത്തുംവിധം ടൗണിലെ അനധികൃത പാര്‍ക്കിംഗ്. പാതയോരങ്ങളിലെ അനധികൃത കച്ചവടങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. രൂക്ഷമായിരിക്കുന്ന ഗതാഗതപ്രശ്‌നങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് മനുഷ്യജീവന്റെ നില്‍പ്പിന്റെ കൂടി ആവശ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മാന്നാര്‍ മാവേലിക്കര, മാന്നാര്‍ വലിയപെരുമ്പുഴ റോഡില്‍ കുറ്റിയില്‍ ജംഗ്ഷനില്‍ ഹമ്പുകള്‍ ഇല്ലാത്തതിനാല്‍ അപകടം വര്‍ദ്ധിക്കുന്നു. കുറ്റിയില്‍ ജംഗ്ഷനില്‍ നിരവധി വാഹനാപകടങ്ങള്‍ സംഭവിക്കുകയും അപകടത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലാ ഭാഗത്തുനിന്ന് മാവേലിക്കരയിലക്ക് അമിത വേഗതയില്‍ വരുന്ന വാഹനം വലിയപെരുമ്പുഴയില്‍ നിന്നും വരുന്ന വാഹനവും ജംഗ്ഷനില്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കുറ്റിയില്‍ ജംഗ്ഷനില്‍ ഹമ്പുകള്‍ സ്ഥാപിക്കണമെന്നാവശ്യവും ഉയരുന്നു

click me!