ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണത്തെയും നേരിടാം; സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ യുഎൻഎയുടെ പ്രതികരണം

Published : Mar 15, 2019, 07:05 PM ISTUpdated : Mar 15, 2019, 08:08 PM IST
ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണത്തെയും നേരിടാം; സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ യുഎൻഎയുടെ പ്രതികരണം

Synopsis

സംസ്ഥാന കൗൺസിലും സെക്രട്ടേറിയറ്റും ചർച്ച ചെയ്ത് വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിൽ വിദ്വേഷം തീർക്കാനാണ് സംഘടനയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നാണ് യുഎൻഎ പ്രതികരണം

തൃശൂർ: സംഘടനയിൽ നിന്ന് അച്ചടക്ക ലംഘനത്തെ തുടർന്ന് പുറത്താക്കപ്പെട്ടയാൾ അടിസ്ഥാന രഹിതമായി ഉന്നയിച്ച ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണം നടത്തിയാലും നേരിടാൻ തയ്യാറെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ. ആരോപണം ഉന്നയിച്ച വ്യക്തി മുമ്പ് അച്ചടക്ക നടപടി നേരിട്ട് മൂന്ന് വർഷത്തോളം സംഘടനയിൽ നിന്ന് പുറത്തായിരുന്നു. വീണ്ടും പലവിധ ആരോപണങ്ങൾക്ക് വിധേയമായ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും ചുമതലയുണ്ടായിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയും അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന കൗൺസിലും സെക്രട്ടേറിയറ്റും ചർച്ച ചെയ്ത് വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിൽ വിദ്വേഷം തീർക്കാനാണ് സംഘടനയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നാണ് യുഎൻഎ പ്രതികരണം.

യുഎൻഎ ആരംഭിച്ച കാലം മുതൽ ഇന്നുവരെ 100 രൂപയാണ് മാസവരി ഈടാക്കുന്നത്. മെമ്പർഷിപ്പും ലെവിയും സംഭാവനയുമെല്ലാം ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. ഓരോ വർഷവും കൃത്യമായ വരവുചെലവുകണക്കുകൾ ജനറൽ കൗൺസിൽ അംഗീകരിച്ച് ഓഡിറ്റിംഗിനു വിടുന്നതാണ് സംഘടനാ രീതി. ജനുവരിയിൽ നടന്ന ജനറൽ കൗൺസിൽ ഈ വർഷത്തെ കണക്കും ചർച്ച ചെയ്ത് അംഗീകരിച്ചതാണ്. 2016 മുതൽ ട്രഷറുടെ സഹായിയായി നിയമിച്ചിട്ടുള്ള വ്യക്തിയാണ് പരാതിയിൽ പറയുന്ന നിതിൻ മോഹൻ. അദ്ദേഹത്തിന്റെ സേവനം ഇന്നും സംഘടനയ്ക്കുണ്ട്. ഓഫീസിൽ പ്രവർത്തിക്കുന്നവരുടെയും സംഘടനാ പ്രവർത്തകരുടെയും കൂട്ടായ്മയിലൂടെയാണ് ഇന്നും യുഎൻഎ ചലിക്കുന്നത്. ഇതെല്ലാം അറിയുന്ന യുഎൻഎ പ്രവർത്തകരിൽ യാതൊരു ആശങ്കയുമില്ല.

2017 ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച കണക്കിനെ ചൊല്ലിയോ പിന്നീടുള്ള വരവ് ചെലവിനെ പറ്റിയോ സംഘടനയ്ക്കത്ത് യാതൊരു സംശയവും ഉന്നയിക്കാതെ ആളാണ് ഇപ്പോൾ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. ഇത്രയും ക്രമക്കേട് നടത്തുന്ന സംഘടനയാണെങ്കിൽ കേരള നഴ്‌സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ യുഎൻഎയുടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചുവെന്നതോർക്കണം. സംഘടനാ കാര്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഫണ്ട് ചെലവഴിക്കുന്ന സംഘടനയാണ് യുഎൻഎ.

തിരുവല്ലയിൽ യുവാവ് തീക്കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുഎൻഎ അംഗത്തിന്റെ സഹോദരിക്ക് ഇക്കഴിഞ്ഞ ദിവസമാണ് 50,000 രൂപ നൽകിയത്. അഞ്ച് ലക്ഷം ചെലവ് കണക്കാക്കിയാണ് തിരുവനന്തപുരത്തെ സ്വാതിമോൾക്ക് വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. ഭൂമിയില്ലെന്ന് അറിഞ്ഞപ്പോൾ വാഗ്ദാനത്തിൽ നിന്ന് പിന്തിരിയാതെ ഭരതന്നൂരിൽ രണ്ടര സെന്റ് സ്ഥലം വാങ്ങി 14 ലക്ഷത്തോളം ചെലവിട്ടാണ് വീട് നിർമ്മിച്ചു നൽകിയത്. സംഘടനയിൽ നിന്നകന്നിട്ടും ചേർത്തല കെവിഎം ആശുപത്രി പടിക്കൽ സമരമിരിക്കുന്ന നഴ്‌സുമാർക്ക് 5000 രൂപ വീതം നൽകാൻ തീരുമാനിച്ചത് നാലുദിവസം മുമ്പ് നടന്ന സംസ്ഥാന കൗൺസിലിലാണ്. ഇത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വളരെ സുതാര്യമാകുന്നതിന് ബാങ്കുവഴിയാണ് നടത്തുന്നത്. ഒളിച്ചുവയ്ക്കാൻ സംഘടനയ്ക്കകത്ത് യാതൊന്നുമില്ലാത്തതിനാൽ ഏത് അന്വേഷണത്തെയും നേരിടാനാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും സെക്രട്ടറി സുജനപാൽ അച്യുതനും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി
കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജ‍ഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം