കെഎസ്ആര്‍ടിസി ഡിപ്പോ നിറയെ ആണി വിതറി അജ്ഞാതന്‍, പെറുക്കിക്കൂട്ടി ജീവനക്കാര്‍

By Web TeamFirst Published Jun 9, 2020, 3:14 PM IST
Highlights

രാവിലെ സര്‍വ്വീസ് പോകാനായി എത്തിയ ബസ് ജീവനക്കാരില്‍ ആരോ ഒരാള്‍ ടയറിന് സമീപം ആണികള്‍ കിടക്കുന്നത് കണ്ടു

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. ജോലിക്ക് കയറിയതിന് ശേഷം ഇന്നുവരെ ഇങ്ങനെയൊരു പണി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചുകാണില്ല. തിങ്കളാഴ്ച രാവിലെ മാനന്തവാടിയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ആണി പെറുക്കിമാറ്റലായിരുന്നു പ്രധാന ജോലി. 

രാവിലെ സര്‍വ്വീസ് പോകാനായി എത്തിയ ബസ് ജീവനക്കാരില്‍ ആരോ ഒരാള്‍ ടയറിന് സമീപം ആണികള്‍ കിടക്കുന്നത് കണ്ടു. ഇവ പെറുക്കി മാറ്റുന്നതിനിടെയാണ് മറ്റിടങ്ങള്‍ കൂടി പരിശോധിച്ചത്. എന്നാല്‍ ബസ് ബേകള്‍ മുഴുവനായി ഇരുമ്പ് ആണികള്‍ വിതറിയിട്ടതാണ് കണ്ടത്. ഇതോടെ ആണി കയറി ടയര്‍ പഞ്ചറായി സര്‍വീസ് മുടങ്ങാതിരിക്കാന്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ചേര്‍ന്ന് മുഴുവന്‍ ആണികളും പെറുക്കിമാറ്റി. 

നൂറുകണക്കിന് ആണികള്‍ സ്റ്റാന്‍ഡില്‍ ആര് കൊണ്ടിട്ടുവെന്ന് ഇനിയും വ്യക്തതയായിട്ടില്ല. അതേ സമയം കഴിഞ്ഞദിവസങ്ങളിലൊന്നും ആണികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. തിങ്കളാഴ്ച മാനന്തവാടി ഡിപ്പോയില്‍നിന്ന് മറ്റുജില്ലകളിലേക്കുള്‍പ്പെടെ 30 ഷെഡ്യൂളുകളാണ് നടത്തിയത്.

click me!