കുരങ്ങുപനി: തിരുനെല്ലി പഞ്ചായത്തില്‍ 4626 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി

By Web TeamFirst Published Mar 23, 2020, 1:14 PM IST
Highlights

പകല്‍ക്യാമ്പുകളും നിശാക്യാമ്പുകളുമുണ്ട്. ആശുപത്രികള്‍ കൂടാതെ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടത്തുന്നത്.
 

കല്‍പ്പറ്റ: കുരങ്ങുപനി ബാധിച്ച് സ്ത്രീ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 688 പേര്‍ക്കുകൂടി കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് നല്‍കി. വെള്ളിയാഴ്ച 219 ഉം ശനിയാഴ്ച 469 ഉം പേര്‍ക്കാണ. കുത്തിവെപ്പ് നല്‍കിയത്. ഇതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 4626 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം, ബേഗൂര്‍, കാട്ടിക്കുളം എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

പകല്‍ക്യാമ്പുകളും നിശാക്യാമ്പുകളുമുണ്ട്. ആശുപത്രികള്‍ കൂടാതെ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടത്തുന്നത്. വെള്ളിയാഴ്ച ബാവലി, ബേഗൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം എടക്കോട് കോളനി, കാലന്തൂര്‍ കോളനി എന്നിവിടങ്ങളിലും ശനിയാഴ്ച ചെമ്പകമൂല, പനവല്ലി, സര്‍വാണി, ബേഗൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, പാര്‍സി കോളനി, അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം, കൊണ്ടിമൂല കോളനി എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. 

അതേ സമയം കുരങ്ങുപനിക്കെതിരേ മൂന്ന് ഡോസ് കുത്തിവെപ്പ് എടുക്കണം. ആദ്യ കുത്തിവെപ്പ് എടുത്ത് ഒരുമാസത്തിന് ശേഷവും ആറു മാസത്തിന് ശേഷവും വീണ്ടും കുത്തിവെപ്പ് എടുക്കണം. അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഓരോ തവണ എടുത്താല്‍ മതി. ഇപ്പോള്‍ കുത്തിവെപ്പ് എടുത്ത എല്ലാവര്‍ക്കും തുടര്‍ന്നും ക്യാമ്പുകള്‍ നടത്തി മൂന്ന് ഡോസ് കുത്തിവെപ്പ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു ഡോസ് കുത്തിവെപ്പ് എടുത്തെന്ന് കരുതി ആരും മുന്‍കരുതല്‍ എടുക്കാതിരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്താല്‍ മാത്രമേ കുരുങ്ങുപനിയില്‍നിന്ന് സുരക്ഷിതത്വം ലഭിക്കുകയുള്ളൂ. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. കുത്തിവെപ്പിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ മാത്രമേ കുരങ്ങുപനിയെ തടയാന്‍ സാധിക്കുകയുള്ളൂ. വനത്തില്‍ പോകുന്നവര്‍ കുത്തിവെപ്പ് എടുത്തവരാണെങ്കിലും ചെള്ളിനെ അകറ്റിനിര്‍ത്തുന്ന ലേപങ്ങള്‍ നിര്‍ബന്ധമായും പുരട്ടണം. വനത്തില്‍പോയി തിരികെവന്നാല്‍ വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം. ശരീരത്തില്‍ ചെള്ളില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

click me!