
തിരുവനന്തപുരം: കോട്ടയം വഴിയുള്ള വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചെന്ന് സജി ചെറിയാന്‍. മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയില്‍വെ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷന്‍ ചെങ്ങന്നൂരാണെന്ന് സജി ചെറിയാന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
'റെയില്‍വെ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ശബരിമല സീസണില്‍ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ റയില്‍വെ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷന്‍ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു.' ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചായി സജി ചെറിയാന്‍ പറഞ്ഞു.
വന്ദേഭാരത് മറ്റ് ട്രെയിനുകള്‍ക്ക് ബുദ്ധിമുട്ട്: കേന്ദ്ര മന്ത്രിക്ക് എംപിയുടെ കത്ത്
വന്ദേഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ്സ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്ന് കെസി വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി.
പിടിച്ചിടുന്നത് കാരണം എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എറണാകുളം കായംകുളം എക്സ്സ്പ്രസ്സ്,ജനശതാബ്ദി,വേണാട്, ഏറനാട്,പാലരുവി, നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം തയ്യാറാകണമെന്നാണ് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.