പെരുങ്കളിയാട്ടത്തിന് പച്ചക്കറി വിളയിച്ച് പെൺകൂട്ടായ്മ

By Web TeamFirst Published Jan 21, 2019, 5:19 PM IST
Highlights

അന്‍പത് ക്വിന്‍റല്‍  കുമ്പളം,  മുപ്പത് ക്വിന്‍റല്‍ വെള്ളരി, ഒരു ക്വിന്‍റല്‍ പച്ചമുളക് അങ്ങനെ പോകുന്നു വിളവ് .  വിത്തിറക്കിയതു മുതല്‍ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ  ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ഇരുന്നൂറ് പേരും പണിയെടുത്തുണ്ടാക്കിയത് നൂറുമേനി.

പയ്യന്നൂർ: ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന് അന്നദാനം നടത്താനുള്ള പച്ചക്കറി മുഴുവൻ സ്വന്തം നിലയ്ക്ക് കൃഷി ചെയ്തുണ്ടാക്കി വനിതാ കൂട്ടായ്മ. പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനാണ് വനിതകൾ അഞ്ചേക്കറിലധികം സ്ഥലത്ത് കൃഷിയിറക്കിയത്. ഇരുന്നൂറോളം പേരാണ് കൂട്ടായ്മയിൽ അണി നിരന്നത്.

കാത്തിരുന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന പെരുങ്കളിയാട്ടം. ഫെബ്രുവരി നാല് മുതല്‍ ഏഴ് വരെ അന്നദാനം നടത്തേണ്ടത് 3 ലക്ഷത്തോളം പേർക്ക്.  വമ്പൻ പരിപാടിക്ക് പച്ചക്കറി കൃഷിക്കുള്ള ചുമതല ഏറ്റെടുത്തത് വനിതാ കൂട്ടായ്മ. അന്‍പത് ക്വിന്‍റല്‍  കുമ്പളം, മുപ്പത് ക്വിന്‍റല്‍ വെള്ളരി, ഒരു ക്വിന്‍റല്‍ പച്ചമുളക് അങ്ങനെ പോകുന്നു വിളവ്.

വിത്തിറക്കിയതു മുതല്‍ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ഇവർ ഇവിടെയുണ്ടായിരുന്നു. കൃഷി സ്ഥലമൊരുക്കിയതു മുതൽ  വിളവെടുപ്പ് വരെയെത്തിച്ചത് ഇവർ 200 പേരും ചേർന്ന്.

പയ്യന്നൂര്‍ നഗരസഭയിലെ ഉള്‍പ്പെടുന്ന കണ്ടങ്കാളി, ഉൾപ്പടെ ആറോളം പ്രദേശത്തായാണ് ഇവര്‍ കൃഷിയിറക്കിയത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനുള്ള കരുത്താവുകയാണ് ഇവർക്ക് ഈ വിജയം. വിളവെടുപ്പ് കഴിഞ്ഞു. ഇനി പെരുങ്കളിയാട്ടദിനമെത്താനുള്ള കാത്തിരിപ്പാണ്.  

click me!