വെള്ളമുണ്ട ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം അവസാന ഘട്ടത്തില്‍; പൊലീസ് നിഗമനം ഇങ്ങനെ

By Web TeamFirst Published Sep 20, 2018, 3:34 PM IST
Highlights

വിശ്വനാഥന്‍ മാത്രമാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് സ്ഥിരീകരിച്ചതോടെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം

കല്‍പ്പറ്റ: മാനന്തവാടി വെള്ളമുണ്ട പൂരിഞ്ഞിയില്‍ മോഷണത്തിനിടെ ഭാര്യയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളില്ലെന്ന് പൊലീസ്. കഴിഞ്ഞ ജൂലൈ ആറിന് പുലര്‍ച്ചെയാണ് തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26)  ഭാര്യ ഫാത്തിമ (19) എന്നിവരെ കൊലപ്പെടുത്തിയ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.

ഏറെ വട്ടം കറക്കിയ കേസില്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് (രണ്ട്) മുന്നില്‍ ഹാജരാക്കിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ആറു ദിവസത്തേക്ക് പ്രതിയെ കോടതി കസ്റ്റഡിയില്‍ വിട്ട് നല്‍കി.

സംഭവ സ്ഥലത്തെ തെളിവെടുപ്പ് ഇന്നലെ തന്നെ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി സംഭവശേഷം പ്രതി കടന്നുപോയ വഴികളിലൂടെ വീണ്ടും പ്രതിയെയും കൊണ്ട് അന്വേഷണ സംഘം സഞ്ചരിക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

വിശ്വനാഥന്‍ മാത്രമാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് സ്ഥിരീകരിച്ചതോടെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പില്‍ ഉമ്മറിനെയും ഫാത്തിമയെയും അടിച്ച് വീഴ്ത്താന്‍ വിശ്വനാഥന്‍ ഉപയോഗിച്ച കമ്പിവടി വീടിന് സമീപത്തെ കവുങ്ങിന്‍തോട്ടത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു.

കൃത്യം നടത്തിയ ദിവസം വിശ്വനാഥന്‍ ധരിച്ചിരുന്ന വസ്ത്രവും ഉമ്മറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണും വിശ്വനാഥന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്രതിയെ ഇനി കോഴിക്കോട് പൊലീസ് ഫൊറന്‍സിക് സര്‍ജന് മുന്നില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുക്കും.

കൃത്യം നടത്തിയ ദിവസം ഇയാള്‍ ധരിച്ച വസ്ത്രങ്ങള്‍ ഫൊറന്‍സിക് ലാബിലേക്കയച്ച് കാര്യങ്ങള്‍ കൂടുതല്‍ ഉറപ്പ് വരുത്തും. പൊലീസ് എവിഡന്‍സ് ആക്ട് 27 പ്രകാരമാണ് കൃത്യം നടത്തിയ ശേഷം പ്രതി പോയ വഴിയെ വീണ്ടും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തുന്നത്.

click me!