
തൃശ്ശൂർ: വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാൻ പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ വി ഇ ഒ ആയ പി ആർ വിഷ്ണുവാണ് പടിയിലായത്. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ 9 ആം വാർഡിലുള്ള ഷഹർബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തേ 3000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ, പണം തിരികെ കൊടുത്ത് താക്കീത് നൽകി പഞ്ചായത്ത് അധികൃതർ വിഷ്ണുവിനെ വിട്ടിരുന്നു.
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹർബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ ആദ്യ ഗഡു 25000 രൂപ നേരത്തെ നൽകിയിരുന്നു. രണ്ടാം ഗഡു പാസാക്കണമെങ്കിൽ 1000 രൂപ നൽകണമെന്നായിരുന്നു വി ഇ ഒ ആയ വിഷ്ണു വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടത്. വിഷയം ഷഹർബാന തങ്ങളുടെ വീടുൾപ്പെടുന്ന വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തി.
പഞ്ചായത്ത് മെമ്പർ ഷഫീഖ് ഇക്കാര്യം വി ഇ ഒയോട് ഫോണിൽ കാര്യം തിരക്കി. അപ്പോഴും കൈക്കൂലി വേണമെന്ന ആവശ്യത്തിൽ വിഷ്ണു ഉറച്ചു നിന്നു. തുടർന്ന് ഇന്ന് രാവിലെ വിജിലൻസിനെ പഞ്ചായത്ത് മെമ്പർ വിവരം അറിയിച്ചു. തുടർന്ന് ഫിനോഫ്തലിൻ പൗഡർ പുരട്ടിയ ആയിരം രൂപ പഞ്ചായത്ത് മെമ്പർ നേരിട്ട് വിഷ്ണുവിന് നൽകി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ വിഷ്ണുവിനെ കൈയ്യോടെ പിടികൂടി.
ഒരു വർഷം മുമ്പാണ് വടക്കാഞ്ചേരി സ്വദേശിയായ വിഷ്ണു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. മുമ്പും ഇയാൾ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപമുണ്ട്. പത്ത് ദിവസം മുമ്പാണ് ഇയാൾ കയ്പമംഗംല വിഇഒ ആയി ചുമതലയേൽക്കുന്നത്. രണ്ട് ദിവസം മുമ്പ് പഞ്ചായത്തിലെ ഒരാളിൽ നിന്ന് 3000 രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. ബി ഡി ഒയും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയും ഇടപെട്ട് ഈ പണം തിരിച്ചു കൊടുപ്പിച്ച് താക്കീത് നൽകി. വിഷ്ണുവിനെ പിടികൂടിയ വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പി ജിം പോൾ, സി പി ഒമാരായ വിബീഷ്, സൈജു സോമൻ, അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്.