സ്ഥലപ്പേരില്‍ ഡീസന്‍റ്; 'അത്ര ഡീസന്‍റല്ലാത്ത' സഹകരണ ബാങ്ക്, നടന്നത് കോടികളുടെ തട്ടിപ്പ്; അന്വേഷണം

By Web TeamFirst Published Aug 12, 2022, 2:16 PM IST
Highlights

ഡീസന്‍റ്  ജംഗ്ഷൻ സ്വദേശിയായ ശശിധരൻ പിള്ള നൽകിയ പരാതിയിലാണ് അന്വേഷണം. മുൻ ഭരണസമിതിയുടെ കാലത്ത് ലോണ്‍ എടുത്തവർക്ക്, പണം തിരികെ അടയ്ക്കാതെ തന്നെ വീണ്ടും അനധികൃതമായി വലിയ തുക ലോണായി അനുവദിച്ചുവെന്നാണ് പരാതി.

കൊല്ലം: കൊല്ലം ഡീസന്‍റ്  ജംഗ്ഷൻ സഹകരണ ബാങ്കിനെതിരെ വിജിലൻസ് അന്വേഷണം. 2009-2016 കാലയളവിനിടയിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. ഡീസന്‍റ്  ജംഗ്ഷൻ സ്വദേശിയായ ശശിധരൻ പിള്ള നൽകിയ പരാതിയിലാണ് അന്വേഷണം. മുൻ ഭരണസമിതിയുടെ കാലത്ത് ലോണ്‍ എടുത്തവർക്ക്, പണം തിരികെ അടയ്ക്കാതെ തന്നെ വീണ്ടും അനധികൃതമായി വലിയ തുക ലോണായി അനുവദിച്ചുവെന്നാണ് പരാതി.

അതേസമയം, പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കിയാണ്  ക്രൈംബ്രാഞ്ച് എഫ്ഐആർ.  വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും ഭരണസമിതി അംഗങ്ങളെ അടക്കം പ്രതിപ്പട്ടികയിൽ ചേർക്കുക. അതേസമയം വായ്പക്കാരിൽ നിന്ന് ജപ്തി ചെയ്ത ഭൂമി ലേലം ചെയ്യാനുള്ള വകുപ്പ് ശ്രമവും പരാജയപ്പെട്ടു. മൈലപ്ര ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പരാതികൾക്ക് പുറമേ കോന്നി അസിസ്റ്റന്റ് രജിസ്റ്റാറുടെ കൂടി പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പുരോഗതിയുണ്ടാവാത്തതും ബാങ്ക് വിഷയത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവെച്ചതുമാണ് അതിവേഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാൻ കാരണം. ലോക്കൽ പൊലീസിന്‍റെ എഫ്ഐആറിലും മുൻ സെക്രട്ടറി ജോഷ്വാ മാത്യു മാത്രമായിരുന്നു പ്രതി.  ആദ്യ ഘട്ടത്തിൽ കോന്നി അസിസ്റ്റന്റ് രജിസ്റ്റാർ നടത്തിയ പരിശോധനയിൽ 33 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയത്. അങ്ങനെയെങ്കിൽ നിലവിലെ എഫ്ഐആറിലുള്ള നാല് കോടി രൂപക്ക് പുറമെ ബാക്കി തുക ഏത് വഴി നഷ്ടപെട്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ബാങ്ക് പ്രസിഡന്റിനെതിരെയും ജീവനക്കാരിൽ ചിലർക്കെതിരെയും സാമ്പത്തിക ക്രമക്കേട് ആരോപണം നിലനിൽക്കുകയാണ്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അമൃത ഫാക്ടറിയിലെ കണക്കുകളിലും വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് മുഴുവൻ സെക്രട്ടറിയുടെ മാത്രം ഉത്തരവാദിത്തമാകാനുള്ള സാധ്യത കുറവാണ്. ലോക്കൽ പൊലീസ് രജിസ്റ്റർ കേസിൽ ജോഷ്വ മാത്യുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബാങ്കിന് മുന്നിൽ ഇപ്പോഴും നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ നിക്ഷേപകരുടെ പണം തിരികെ കൊടുക്കാനാണ് ബാങ്ക് ജപ്തി ചെയ്ത ഭൂമി ലേലം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ട് ദിവസം ലേലം നിശ്ചയിച്ചട്ടും ആരും ലേലത്തിൽ പങ്കെടുക്കാൻ എത്തിയില്ല.

കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു,പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം അടക്കം രേഖകൾ ശേഖരിച്ച് ഇഡി

click me!