
കൽപ്പറ്റ: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം മാറ്റമില്ലാതെ തുടരുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ അറിയിച്ചു. വിലങ്ങാട് പുനരധിവാസ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇതിന് ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
മൊറട്ടോറിയം വ്യവസ്ഥകള്‍ക്ക് വിപരീതമായി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുക ജിപിഎസ് ലൊക്കേഷന്‍ പരിശോധിച്ച ശേഷമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നേരത്തെ ചുരല്‍മല ദുരന്ത ബാധിതര്‍ക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കാനും വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം അനുവദിക്കാനും ജൂലൈ 30 നാണ് സർക്കാർ തീരുമാനിച്ചത്.
വയനാട് ദുരന്തം
അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് സർക്കാർ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി. ഇവരുടെ ഉറ്റവർക്ക് മരണ സർട്ടിഫിക്കറ്റും നൽകി. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമായി നൂറ് കണക്കിന് പേരാണ് ഇപ്പോഴും ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് മുക്തരാകാതെ ജീവിക്കുന്നത്. വനറാണി എസ്റ്റേറ്റിനോട് ചേർന്ന വനമേഖലയിലാണ് 2024 ജൂലൈ 30 ന് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. മലവെള്ളം കുത്തി ഒലിച്ച് മരങ്ങളും കൂറ്റൻ പാറകളുമായി പുഞ്ചിരിമട്ടത്ത് അടിഞ്ഞു. പൊട്ടാനിരിക്കുന്ന ഒരു വലിയ അണക്കെട്ടില്‍ വെള്ളം കൂടി വരും പോലെയായി പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടത്ത് തങ്ങി നിന്ന പാറക്കെട്ടുകളും മരങ്ങളും വലിയ ശബ്‌ദത്തോടെ പൊട്ടി. കനത്ത മഴക്കിടയിലും കൂറ്റൻ പാറകള്‍ തമ്മിലിടിച്ച് തീപ്പൊരി ചിതറി. പുഞ്ചിരിട്ടമട്ടത്തും മുണ്ടക്കൈയിലും കൂട്ടനിലവിളി ഉയർന്നു. ആരാത്രി ഇരുട്ടത്ത് എന്ത് സംഭവിച്ചുവെന്ന് പോലും മനസ്സിലാക്കാൻ ആർക്കും ആയില്ല. ദുരന്തം അവസാനിച്ചിരുന്നില്ല. സീതമ്മക്കുണ്ടെന്ന മുണ്ടക്കൈയിലെ ചെറിയ വെള്ളച്ചാട്ടത്തിലേക്കാണ് ഉരുള്‍ അവശിഷ്ടം വന്നടിഞ്ഞത്. നാലേ പത്തോടെ വീണ്ടും പൊട്ടലുണ്ടായി. ആദ്യ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ട് പോയ വീടുകളെ കൂടി തകർത്തെറിഞ്ഞത് മഹാദുരന്തമായി. അതിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പുറംലോകത്തിന് അറിയുമായിരുന്നില്ല. കനത്ത ഇരുട്ടില്‍ ഓടിയെത്തിയവരില്‍ എല്ലാവരും നിസ്സഹായരായിരുന്നു. ഫോണില്‍ രക്ഷിക്കാൻ അപേക്ഷിച്ചവരെ പോലും പിന്നീട് ബന്ധപ്പെടാനാകാതായായി. പുലർച്ചെ 5.45 ഓടെ വെളിച്ചം വീണപ്പോള്‍ കണ്ട കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. ചെളിയില്‍ കുതിർന്ന് പ്രാണ ഭയത്തോടെ നിലവിളിക്കുന്ന മനുഷ്യർ. നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങള്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്നു. 48 മണിക്കൂറിനിടെ 572 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തതെന്നാണ് കണക്ക്. എന്നാല്‍ അപകട മുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അനാഥമായത് രണ്ട് ഗ്രാമത്തിലെ കുറെ ജീവനുകളാണ്.