പ്രതിസന്ധികളെ തോൽപിച്ച് കലാമണ്ഡലത്തിൽ നിന്ന് ഡോക്ടറേറ്റ്; വിൻഷ്യയുടെ സ്വപ്നം ഒരു സ്ഥിരം ജോലി

By Web TeamFirst Published Sep 30, 2022, 11:15 AM IST
Highlights

നിലവിൽ ജവഹർ ബാലഭവനിൽ നൃത്ത അധ്യാപികയായി ജോലി ചെയ്യുകയാണ്. ദൂരദർശന്‍റ ബി.ഗ്രേഡ് ആർട്ടിസ്റ്റാണ് വിൻഷ്യ. 

മണ്ണഞ്ചേരി: ഡോക്ടറേറ്റുൾപ്പെടെ മികച്ച യോ​ഗ്യതകളുണ്ടായിട്ടും ഒരു സ്ഥിരം ജോലി ലഭിക്കാത്തതിന്റെ നിരാശയിലാണ് എസ് വിൻഷ്യ. മോഹിനിയാട്ടത്തിൽ കലാമണ്ഡലത്തിൽ നിന്ന് വിൻഷ്യ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കാലടി ശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടവും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ ഭരതനാട്യവും  കേരള കലാമണ്ഡലത്തിൽനിന്ന് എം. ഫില്ലും  പി.എച്ച്.ഡിയും നേടി 2018 ൽ യു.ജി.സി നെറ്റും വിജയിച്ചു. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലും എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ കേരള കലാമണ്ഡലത്തിലുമായിരുന്നു പഠനം. 

2017 ൽ പ്രസിദ്ധീകരിച്ച മോഹിനിയാട്ടം ജൂനിയർ ലെക്ചറർ ലിസ്റ്റിൽ നാലാം റാങ്ക് നേടിയെങ്കിലും ജോലി ലഭിച്ചില്ല. ആർ.എൽ.വിയിൽ ഗസ്റ്റ്  ലെക്ചറർ  ആയി മൂന്ന് വർഷം ജോലി  ചെയ്തു. നിലവിൽ ജവഹർ ബാലഭവനിൽ നൃത്ത അധ്യാപികയായി ജോലി ചെയ്യുകയാണ്. ദൂരദർശന്‍റ ബി.ഗ്രേഡ് ആർട്ടിസ്റ്റാണ് വിൻഷ്യ. ജില്ല പഞ്ചായത്തിന്റെ കമ്യൂണിറ്റി ആർട്ട് പ്രോഗ്രാമിലും വിൻഷ്യ സഹകരിക്കുന്നുണ്ട്. 

മണ്ണഞ്ചേരി പഞ്ചായത്ത്‌ 17ാം വാർഡ്‌ അമ്പനാകുളങ്ങര വെളിയിൽ പരേതനായ ചന്ദ്രന്റെയും സരളയുടെ മകളാണ്. അച്ഛന്റെ മരണത്തെ തുടർന്ന് ഏറെ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാണ് വിൻഷ്യ പഠനം പൂർത്തിയാക്കിയത്.  നിലവിലുള്ള ജോലിയുടെ പിൻബലത്തിലാണ് വിൻഷ്യയുടെയും അമ്മയുടെയും ജീവിതം മുന്നോട്ട് പോകുന്നത്. അമ്മ സരളക്ക് ജോലിയില്ല. സ്ഥിരമായി ഒരു ജോലി. അതാണിപ്പോൾ വിൻഷ്യയുടെ ഏറ്റവും വലിയ സ്വപ്നം. 

click me!