
തിരുവനന്തപുരം: അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത അമ്മയെയും മക്കളെയും മദ്യപസംഘം തല്ലിച്ചതച്ചു. സ്ത്രീയെയും കുട്ടികളെയും കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച സംഘം, പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാത്രിയാണ് കുറ്റിച്ചൽ സ്വദേശിയായ സുനിതയ്ക്കും മക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്.
പേയാടുള്ള കുടുംബ വീട്ടിൽ നിന്ന് കുറ്റിച്ചലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു സുനിതയും മക്കളും. സുനിതയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കാട്ടാക്കട പുന്നംകാരക്കത്തുവച്ച് രണ്ടു ബൈക്കുകളിലായി നാലുപേർ അസഭ്യം വിളിച്ചും ബഹളമുണ്ടാക്കിയും കടന്നുപോയതായി സുനിത പറയുന്നു. അസഭ്യം വിളിച്ചത് സ്കൂട്ടറിൻറെ പിന്നിലിരുന്ന മകൻ ചോദ്യം ചെയ്തു. ബൈക്കിലെത്തിയ രണ്ടു പേരും അവർ വിളിച്ചുവരുത്തിയവരും ചേർന്ന് വാഹനം തടഞ്ഞ് തന്നെയും മക്കളെയും ആക്രമിച്ചുവെന്ന് സുനിത പറയുന്നു.
സുനിതയും മക്കളായ സൂരജ്, സൗരവ് എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് പൊലീസെത്തിപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ഒരാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ആക്രമിച്ചവരുടെ കൂട്ടത്തിൽ ഇയാളുണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരുടെ മൊഴി. പ്രതികള്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam