നെടുമ്പാശ്ശേരി വഴി ദുബൈയിലേക്ക് പോകാൻ ശ്രമിക്കവെ റിയാദിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു; വിസ തട്ടിപ്പ് കേസിൽ പിടിയിൽ

Published : Jul 18, 2025, 03:52 PM IST
visa fraud

Synopsis

ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.

തൃശൂർ: വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. വാടാമ്പള്ളി ഗണേശമംഗലം സ്വദേശി റിയാദ് (32) നെയാണ് പിടികൂടിയത്. തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇയാൾ, ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂർ മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവിൽ നിന്നും ആനാപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. എന്നാൽ വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് കേസ്. 

യുവാവിന്‍റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒളിവിൽ കഴിയവേ രഹസ്യമായി നെടുമ്പാശ്ശേരി വഴി ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കവെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ റിയാദിനെ തടഞ്ഞ് വെച്ച് വിവരം തൃശൂർ റൂറൽ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

എറിയാട് പേ ബസാർ സ്വദേശിയിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5,80,000 രൂപ വാങ്ങി വിസ നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിന് മറ്റൊരു കേസു കൂടി ഇന്നലെ റിയാദിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും റിയാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സമാനമായ രീതിയിൽ ഒട്ടേറെ പേരെ തട്ടിപ്പിനിരയാക്കിയ റിയാദ് കൊടുങ്ങല്ലൂർ, വാടാനപ്പള്ളി, ആളൂർ, പൊന്നാനി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ മാരായ കെ.സാലിം, കശ്യപൻ, എസ്.സി.പി.ഒ മാരായ സുഭീഷ്, അബീഷ് ഇബ്രാഹിം എന്നിവരാണ് കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ