
തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ മാലിന്യം മേമലയിൽ ശ്മശാനത്തിനായി വാങ്ങിയ ഭൂമിയിലിട്ട് കത്തിച്ച സംഭവത്തിൽ കരാറുകാരന് പിഴയിട്ടു. യൂസർ ഫീ വാങ്ങി ഹരിത കർമ സേന മികച്ച രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന പഞ്ചായത്തിലാണ് സ്വന്തം മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച് കത്തിച്ചത്. പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിച്ചത് വിവാദമായതോടെ കരാറുകാരൻ മേമല സ്വദേശി ശ്രീകുമാറിന് 5000 രൂപയാണ് പിഴയിട്ടത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
പഞ്ചായത്ത് ഓഫീസിലെ പ്ലാസ്റ്റിക് - ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെ രണ്ട് ലോഡോളം വേസ്റ്റാണ് പഞ്ചായത്ത് പൊതു ശ്മശാനത്തിനായി വാങ്ങിയ മേമലയിലെ സ്ഥലത്തിട്ട് കത്തിച്ചത്. അസഹനീയമായ പുകയും ദുർഗന്ധവും ഉയർന്നത്തോടെ ജനങ്ങൾ എത്തിയപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്ഥലത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഇതര സംസ്ഥാനക്കാരും ഉണ്ടായിരുന്നു. ഇവർ ഭക്ഷണം പാകം ചെയ്യുന്നതാണെന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ പ്ലാസ്റ്റിക് മാലിന്യം ഉരുകി രൂക്ഷഗന്ധം ഉയർന്നതോടെയാണ് നാട്ടുകാർ പരിശോധന നടത്തിയത്. പഞ്ചായത്തിലെ പഴയ ഫയലുകൾ അടക്കം ഉണ്ടായിരുന്നതിനാൽ മാലിന്യം വന്ന വഴി മനസിലായി. പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. കരാറുകാരൻ്റെ വീഴ്ചയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam