
തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ 45-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് നാട്ടുകാർ. കോവളം കല്ലുവെട്ടാംകുഴി തുംബ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ചു കിടന്ന സംഭവത്തിൽ മുല്ലൂർ കോവളം കൊലപാതകങ്ങളിൽ പിടിയിലായ റഫീഖയ്ക്കും മകൻ ഷഫീഖിനും പങ്കുണ്ടെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്. കോവളം പൊലീസിൻ്റെ അനാസ്ഥയിൽ തെഞ്ഞുമാഞ്ഞ് പോയതാണ് കേസെന്നും നാട്ടുകാർ ആരോപിക്കുന്നു.
വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന മോളിയെന്ന വിജയലക്ഷ്മിയെ(45) യാണ് 18 ജൂലൈ 2016-ൽ വീടിന് സമീപത്തെ വഴിയിൽ മരിച്ചു കിടന്ന നിലയിൽ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് മൃതദേഹം അയൽവാസികൾ കാണുന്നത്. വിഴിഞ്ഞം മില്ലൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയൽവാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് വിജയലക്ഷ്മി വീട്ടിൽ നിന്നും പോയിരുന്നു.
പിന്നീട് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖത്തും ശരീരത്തിലും മുറിവേറ്റ നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം അന്ന് കാണപ്പെട്ടത്. ശ്വാസകോശത്തിൽ രക്തം ഇറങ്ങിയത് ആണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ അന്ന് തന്നെ ആരോപിച്ചിരുന്നുയെങ്കിലും കോവളം പൊലീസിൻ്റെ അലംഭവത്തിൽ കേസിൻ്റെ അന്വേഷണം എങ്ങും എത്തിയില്ല.
എന്നാൽ കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ വീട്ടുകാർ കേസ് വേണ്ട എന്ന നിലപാടിലായിരുന്നുയെന്നാണ് പൊലീസ് പറയുന്നത്. ശാരീരിക വൈകല്യം ഉണ്ടായിരുന്ന വിജയലക്ഷ്മി അവിവാഹിതയായിരുന്നു. റഫീഖയും മകനും വിജയലക്ഷ്മിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും റഫീഖുയും വിജയലക്ഷ്മിയുമായി പണമിടപാടുകൾ ഉണ്ടായിരുന്നതായുമാണ് വിവരം.
രാത്രിയിൽ വിജയലക്ഷ്മിയോടൊപ്പം റഫീഖയും മകനും തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കോവളത്തെ 14കാരിയുടെ കൊലപാതകത്തിന് പിന്നിലും റഫീഖുയും മകനും ആണെന്ന് തെളിഞ്ഞതോടെ വിജയലക്ഷ്മിയുടെ മരണത്തിലും അന്വേഷണം വേണമെന്ന നിലപാടിലാണ് നാട്ടുകാർ.
2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് അയൽവാസിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. നേരത്തെ ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി ആനന്ദനോടും ഗീതയോടും മോശമായി പെരുമാറി. ഒടുവിൽ നുണപരിശോധനക്ക് ഇരുവരും തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇപ്പോഴെങ്കിലും സത്യം തെളിഞ്ഞതന്‍റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam